” ഇവന്റെ വിചാരം യേശുദാസിന്റെ ശബ്ദത്തിലാണ് ഇവന്‍ ഇതൊക്കെ പാടുന്നതെന്നാണ്”; സിദ്ദിഖിനെ ട്രോളി മമ്മൂക്ക

താര രാജാവ് മമ്മൂട്ടിയുടെ 70-ാം ജന്മദിനം ആഘോഷിച്ച് മലയാള സിനിമാ ലോകം. സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ച വച്ച് മമ്മൂട്ടി ഫാൻസ് അസോസിയേഷനും മെ​ഗാസ്റ്റാറിന്റെ ജന്മദിനം പൊളിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ് .

മമ്മൂട്ടിയുടെ പഴയ അഭിമുഖങ്ങളും വ്യത്യസ്ത പരിപാടികളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഗായകൻ യേശുദാസിനും നടൻ സിദ്ദിഖിനുമൊപ്പം വേദി പങ്കിടുന്ന കൈരളിയില്‍ സംപ്രേക്ഷണം ചെയ്ത മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് അത്തരത്തിൽ ഇപ്പോൾ വൈറലാകുന്നത്. യേശുദാസിനെ അനുകരിച്ച് പാട്ടുപാടാൻ ശ്രമിക്കുന്ന നടൻ സിദ്ദിഖിനെ യേശുദാസിന്റെ മുന്നിൽ വെച്ച് തന്നെ രസകരമായി ട്രോളുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടിയുടെ പാട്ടിനേയും താളത്തേയും തിരിച്ച് സിദ്ദിഖും കളിയാക്കുന്നുണ്ട്.

തന്റെ ഒരു ഗാനം മമ്മൂട്ടിയോട് പാടാൻ യേശുദാസ് ആവശ്യപ്പെട്ടപ്പോൾ ‘ഞാൻ പാടാനോ ഞാൻ ഇപ്പോൾ ബോധം കെട്ടും വീഴും’ എന്നാണ് മമ്മൂട്ടി മറുപടി നൽകുന്നത്. മമ്മൂക്കയെ പാടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഇത്രയും വലിയ ദ്രോഹമുണ്ടോ എന്നുമാണ് ഇതിന് സിദ്ദിഖ് നൽകുന്ന മറുപടി.ഇതിന് പിന്നാലെയാണ് യേശുദാസ് പാടിയ പഴയ പാട്ടുകൾ ഓരോന്നായി വേദിയിൽ സിദ്ദിഖ് പാടിത്തുടങ്ങുന്നത്. ദാസേട്ടനെ യേശുദാസ് എന്നായിരുന്നു താനും മമ്മൂക്കയും അടക്കമുള്ള ആരാധകർ അന്ന് വിളിച്ചിരുന്നതെന്നും മീശയൊന്നുമില്ലാതെ പാന്റും ഷർട്ടുമിട്ട് വേദിയിൽ പാടിയിരുന്ന യേശുദാസിനെയായിരുന്നു ഞങ്ങൾ ആരാധിച്ചിരുന്നതെന്നും അന്ന് ഇത്രയും മുഴക്കമുള്ള ശബ്ദമല്ലെന്നും പതിഞ്ഞ ശബ്ദമായിരുന്നെന്നും പറഞ്ഞാണ് സിദ്ദിഖ് യേശുദാസിന്റെ പാട്ടുകൾ ഓരോന്നായി സിദ്ദിഖ് പാടി തുടങ്ങിയത്.

”കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ…ഇതാണ് ഞാൻ ആദ്യം കേട്ട ദാസേട്ടന്റെ പാട്ട്. പിന്നീട് വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്…എന്ന ഗാനം അൽപ്പം കൂടി പതിഞ്ഞ ശബ്ദത്തിൽ കേട്ടു എന്ന് പറഞ്ഞ് ആ ഗാനത്തിലെ ഏതാനും വരികളും സിദ്ദിഖ് വേദിയിൽ പാടി.

തങ്ങളുടെ ബാല്യകൗമാര യൗവനങ്ങളിലെല്ലാം ദാസേട്ടന്റെ പാട്ടായിരുന്നു. ദാസേട്ടൻ ഒരു പാട്ട് പാടിയങ്ങ് പോകും. ഞങ്ങൾ ഇത് പാടിയൊപ്പിക്കാൻ പെടുന്ന പാട് ഭയങ്കരമായിരുന്നു. ഞങ്ങളുടെ പ്രണയത്തിലൊക്കെ ദാസേട്ടനുണ്ടായിരുന്നു.

ഇന്ദുലേഖേ.. ഇന്ദുലേഖേ ഇന്ദ്രസദസിലെ നൃത്തലോലെ…. എന്ന പാട്ട് സിദ്ദിഖ് പാടിത്തുടങ്ങിയപ്പോൾ കൂടെ മമ്മൂട്ടിയും പാടി. എന്നാൽ മമ്മൂട്ടിയോട് മമ്മൂക്ക കൂടെ പാടരുതെന്നും തന്റെ ശബ്ദം ഇത്രയും മോശമായോ എന്ന് താൻ വിചാരിച്ചുപോയി എന്നുമായിരുന്നു സിദ്ദിഖിന്റെ രസകരമായ കമന്റ്. മമ്മൂക്ക കൂടെ പാടിയാൽ തന്റെ പാട്ട് തെറ്റിപ്പോകുമെന്നും വേണമെങ്കിൽ മമ്മൂക്ക ഒറ്റയ്ക്ക് പാടിക്കോ എന്നു കൂടി ചിരിച്ചുകൊണ്ട് സിദ്ദിഖ് പറഞ്ഞുവെച്ചു.

എന്നാൽ അഹങ്കാരത്തിന് കയ്യും കാലും വെച്ചത് കണ്ടോ എന്നായിരുന്നു ഇതിന് മമ്മൂട്ടി നൽകിയ മറുപടി. എന്നാൽ ദാസേട്ടൻ തന്നെ ശിഷ്യനായി അംഗീകരിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് മറുപടി നൽകി. മമ്മൂട്ടിയും വിട്ടുകൊടുത്തില്ല. ദാസേട്ടനെ കൊണ്ട് ശിഷ്യൻ എന്ന് വേണമെങ്കിൽ ഞാനും വിളിപ്പിക്കാമെന്നും അതിന് വലിയ ബുദ്ധിമൊട്ടുന്നുമില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.”സിദ്ദിഖ് രണ്ട് മൂന്ന് പാട്ട് ഇവിടെ പാടി. ദാസേട്ടന്റെ ചെറുപ്പത്തിലെ ആ ശബ്ദം, പ്രായം കൂടിയപ്പോൾ ഈ ശബ്ദം, ഇപ്പോൾ ഈ ശബ്ദം എന്നൊക്കെ പറഞ്ഞ്. ഇവന്റെ വിചാരം യേശുദാസിന്റെ ശബ്ദത്തിലാണ് ഇവൻ ഇതൊക്കെ പാടുന്നതെന്നാണ്”, മമ്മൂട്ടിയുടെ ഈ മറുപടിയെ കയ്യടിയോടെയായിരുന്നു സദസ് പിന്തുണച്ചത്.

പാട്ട് പാടാൻ കഴിയാത്തതിലെ അസൂയയാണ് മമ്മൂക്കയ്ക്ക് എന്നായിരുന്നു സിദ്ദിഖിന്റെ തുടർന്നുള്ള മറുപടി.

”സംഗീത സംവിധായകനായി രവീന്ദ്രൻ മാസ്റ്റർ എത്തിയപ്പോഴായിരുന്നു ദാസേട്ടന്റെ അതുവരെ കേട്ടിട്ടില്ലാത്ത ശബ്ദം നമ്മൾ കേൾക്കുന്നത്.
തൊണ്ടയിൽ നിന്നായിരുന്നില്ല ഹൃദയത്തിൽ നിന്നായിരുന്നു ദാസേട്ടന്റെ ആ ശബ്ദം വന്നത്,” സിദ്ദിഖ് പറഞ്ഞു.

താരകേ.. മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ എന്ന് പാടിയ ശേഷം ദാസേട്ടൻ ഇതിന്റെ രണ്ട് വരി പാടണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ഇതോടെ ‘കഴിഞ്ഞ രണ്ടാഴ്ചയായി ഇവൻ ഇത് പാടിപ്പടിക്കുകയാണെന്നും ഇതുവരെ ശരിയായിട്ടില്ലെന്നായിരുന്നു’ മമ്മൂട്ടിയുടെ കിടിലൻ മറുപടി.

ഇത് കേട്ട് യേശുദാസടക്കം വേദിയിൽ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രമായ വടക്കൻ വീരഗാഥയിലെ ചന്ദന ലേപസുഗന്ധം എന്ന ഗാനം കൂടി പാടിയാണ് യേശുദാസ് വേദി വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News