നിപ പ്രതിരോധം;  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ആരോഗ്യമന്ത്രി

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു. നിപ ഭീതിയും കൊവിഡും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജാഗ്രത സൃഷ്ടിക്കുന്നതിലും ബോധവത്ക്കരണം നല്‍കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സ്വയം പ്രതിരോധം അനിവാര്യമാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവരെയെല്ലാം നിരീക്ഷിച്ച് വരികയാണ്. രോഗങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ വ്യാജ വാര്‍ത്തകള്‍ പരക്കാന്‍ കാരണമാകും. വവ്വാലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നല്‍കുന്ന പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. വവ്വാലിനെ ബലമായി ഓടിക്കുന്നത് അപകടകരമാണ്. ഈ രോഗസാഹചര്യത്തില്‍ ജില്ലയില്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും സഹകരണവും നല്‍കുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്ന് പാര്‍ട്ടി പ്രതിനിധികളോട് മന്ത്രി അഭ്യര്‍ഥിച്ചു.

നിപ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ബോധവത്ക്കരണം നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണം. പനിയുണ്ടെന്ന് പറയാന്‍ പോലും ആളുകള്‍ ഭയക്കുന്ന സാഹചര്യമാണിത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പ്രദേശവാസികള്‍ നല്ലരീതിയില്‍ ഇടപെടുന്നത് ഫലപ്രദമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധകാലാടിസ്ഥാനത്തില്‍ മന്ത്രിമാരും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രാദേശികതല പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News