കൊവിഡ് രോഗികളുമായി പോയ ആംബുലൻസ്  മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

പത്തനംതിട്ടയിൽ കൊവിഡ് രോഗികളുമായി പോയ ആംബുലൻസ്  മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു  അപകടം നടന്നത്.  ജന. ആശുപത്രിയിലേക്ക് മാറ്റിയ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മലയാലപ്പുഴയിൽ നിന്ന് കൊവിഡ് രോഗികളുമായി പത്തനംതിട്ടയിലേക്ക് വരുകയായിരുന്നു ആംബുലൻസ് വാഹനം. ഇതിനിടെ ആണ് നഗരമധ്യത്തിലെ അബാൻ ജംഗ്ഷനിൽ വച്ച്   സ്വകാര്യ  ബസുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞത്.

അപകടത്തിൽ ഡ്രൈവറടക്കം 5 പേർക്ക് പരിക്കേറ്റു. ഇവരെ  ഉടൻ തന്നെ സ്ഥലത്തെത്തിയ മറ്റ് ആoബുലൻസ് വാഹനത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. ആരോഗ്യവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ളതാണ് അപകടത്തിൽപ്പെട്ട ആംബുലൻസ് വാഹനം.

സിഗ്നൽ ശ്രദ്ധിക്കാതെ അമിത വേഗതയിൽ ആംബുലൻസ് എത്തിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.  അപകടത്തിനു ശേഷം ഇരുപതു മിനുറ്റോളം റോഡിൽ വാഹനഗതാഗതം സ്തംഭിച്ചു. പൊലീസെത്തി തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്.

അഗ്നിശമന സേനയും അപകടസ്ഥലത്തെത്തി. വാഹനം മറിഞ്ഞതുമൂലം  റോഡിലേക്കൊഴുകിയിറങ്ങിയ ഓയിൽ അടക്കമുള്ളവ വെള്ളം പമ്പ്‌ ചെയ്തു നീക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here