ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹയ്ക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സെക്രട്ടേറിയേറ്റുകളും ഉപരോധിക്കുമെന്ന് ഇന്ന് നടന്ന യോഗത്തില്‍ കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം മോദിയുടെ മണ്ഡലമായ വാരണാസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

ആഗസ്റ്റ് ഇരുപത്തി എട്ടിന് പൊലീസ് നടത്തിയ കര്‍ഷക വേട്ടയ്ക്ക് ഹരിയാന സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. കര്‍ണാല്‍ ജില്ലയിലെ മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന ആയുഷ് സിന്‍ഹയ്ക്ക് എതിരെ നടപടി എടുത്തില്ല എങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ കളക്ടറേറ്റുകളും വളയുമെന്ന് കര്‍ഷകര്‍ ബിജെപി നേതൃത്വം നല്‍കുന്ന ഹരിയാന സംസ്ഥാന സര്‍ക്കാരിന് അന്ത്യ ശാസനം നല്‍കി.

കര്‍ണാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകള്‍ മഹാ പഞ്ചായത്ത് നടത്തിയതും ഇതേ ആവശ്യം ഉന്നയിച്ചാണ്. പൊലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നും കര്‍ഷക സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കര്‍ഷക മഹാ പഞ്ചായത്തിന് ശേഷം മിനി സെക്രട്ടേറിയേറ്റിലേക്ക് റാലി നടത്തിയ കര്‍ഷകരെ ജലപീരങ്കി പ്രയോഗിച്ച് പിരിച്ചു വിടാന്‍ ഹരിയാന പൊലീസ് ശ്രമിച്ചിരുന്നു.

സമരം നടന്ന കര്‍ണാല്‍ ഉള്‍പ്പടെ സമീപത്തെ 5 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദ് ചെയ്തിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ബിജെപി നിര്‍ദ്ദേശ പ്രകാരം കര്‍ഷക സമരം പൊളിക്കാനാണ് മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാരിന്റെ ശ്രമം. കര്‍ണല്‍ സെക്രട്ടേറിയേറ്റ് വളഞ്ഞ കര്‍ഷകര്‍ സമാധാന പരമായാണ് ഉപരോധ സമരവുമായി മുന്നോട്ട് പോകുന്നത്.

ഇവര്‍ക്ക് പിന്തുണയുമായി ഹരിയാനയിലെ ഇതര ജില്ലകളിലേയും സമീപ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ കര്‍ണലില്‍ എത്തിയിട്ടുണ്ട്. അതേ സമയം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഒക്ടോബര്‍ രണ്ടാം വാരം മഹാ പഞ്ചായത്ത് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here