ഇനി പിന്നോട്ടില്ല, പോരാട്ടം തുടരും; ഹരിത പിരിച്ച് വിട്ടതിനെതിരെ ഫാത്തിമ തഹ്ലിയ കൈരളി ന്യൂസിനോട്

മുസ്ലീം ലീഗിന്‍റെ നിലപാടിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഈ വിഷയത്തില്‍ ഇനി പിന്നോട്ടില്ലെന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഫാത്തിമ തഹ്ലിയ കൈരളി ന്യൂസിനോട് പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗ് തീരുമാനത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും അതുമായി മുന്നോട്ട് പോകുമെന്നും ഫാത്തിമ തഹ്ലിയ.

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഹരിത നേത്യത്വത്തില്‍ ആലോചന.ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ ഒരു കാരണമില്ലാതെ പിരിച്ചുവിട്ടുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് നീക്കം.

എം.എസ്.എഫ്. നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി വ്യക്തമാക്കി.

ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ പിഎംഎ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഹരിതയ്ക്ക് മുസ്ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ പറഞ്ഞിരുന്നു.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്ലിയ വെളിപ്പെടുത്തി. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചു, ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാതികളാണ് ഹരിത നേതാക്കള്‍ ഉന്നയിച്ചത്.

ഇതുസംബന്ധിച്ച പരാതി നേരത്തേ മുസ്‌ലിം ലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഹരിതയുടെ പരാതി നേതൃത്വം പരിഗണിച്ചില്ലെന്ന് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പി കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News