ADVERTISEMENT
കൂടുതൽ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് കുവൈറ്റിലേയ്ക്ക് അൻപതിനായിരം രൂപയ്ക്ക് മുകളിൽ ആണ് ടിക്കറ്റ് നിരക്ക്.
യുഎഇയിലേയ്ക്ക് ഇരുപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ മാസങ്ങളോളം ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വെച്ചിരുന്നു.
നാട്ടിലേയ്ക്ക് അവധിയ്ക്കായി മടങ്ങിയ മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ വിലക്ക് മൂലം ഗൾഫിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ കൊവിഡ് വർധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങൾ പിൻവലിച്ചു.
കഴിഞ്ഞ മാസം തന്നെ യു എ ഇ യിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള വിമാന സർവീസ് പുനരാംഭിച്ചിരുന്നു. സെപ്റ്റംബർ ഏഴു മുതൽ കുവൈറ്റിലേക്കും വിമാന സർവീസ് ആരംഭിച്ചു. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഗൾഫിലേക്ക് തിരികെയെത്താൻ ഒരുങ്ങുമ്പോഴാണ്
വിമാന കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.
ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങാൻ 250 കുവൈറ്റ് ദിനാർ, ഏതാണ്ട് അറുപതിനായിരം രൂപയ്ക്കടുത്താണ് ടിക്കറ്റു നിരക്ക്.യു എ ഇ യി ലേക്ക് മടങ്ങാൻ ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ നൽകണം. കൊവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക്.
ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ ഉൾപ്പെടെ എല്ലാ വിമാന കമ്പനികളും മത്സരിച്ചാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.
മാസങ്ങളോളം ശമ്പളമില്ലാതെ നാട്ടിൽ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.