ജനകീയ ചൈനയുടെ വിപ്ലവ നായകൻ മാവോ സേതൂങ്ങിൻ്റെ ഓര്‍മ്മദിനം ഇന്ന്

ജനകീയ ചൈനയുടെ വിപ്ലവനായകൻ മാവോ സേതൂങ്ങിൻ്റെ ചരമ ദിനമാണിന്ന്. ലോകശക്തികൾക്ക് മുന്നിലെ സോഷ്യലിസ്റ്റ് ബദലായി മാറിയ ചൈനയുടെ ഊർജസ്രോതസ്സ് കൂടിയായിരുന്നു ചെയർമാൻ മാവോ.

“നമ്മുടെ പൊതുശത്രു എതിർക്കുന്നതെന്തിനെയാണോ അതിനെ പിന്തുണയ്ക്കുക.. ശത്രു എന്തിനു വേണ്ടിയാണോ വാദിക്കുന്നത്, അതിനെ എതിർക്കുക.. അതുതന്നെയാണ് നമ്മുടെ പോരിൻ്റെ സാരം.”

സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായ സമരങ്ങളാൽ ഇരുപതാം നൂറ്റാണ്ട് ഇളകിമറിയുന്ന കാലത്ത് സെൻട്രൽ ന്യൂസ് ഏജൻസിയുടെ മാധ്യമ പ്രവർത്തകരോട് മാവോ തൻ്റെ പ്രൊപ്പാഗാണ്ട വിവരിച്ചത് അങ്ങനെയായിരുന്നു. റഷ്യയിൽ ദുഷ്പ്രഭുത്വത്തെ താഴെയിറക്കിയ സോഷ്യലിസ്റ്റ് വിപ്ലവം മുതൽ ഇങ്ങ് മലബാറിലെ വാരിയംകുന്നൻ്റെ പോരാട്ടങ്ങളും ഒരുപോലെ നെഞ്ചിലേറ്റാനും ഏറ്റെടുക്കാനും ഉള്ള മാർഗദർശനം.

നൂറ് വർഷങ്ങൾക്ക് മുമ്പ്, 1921ലായിരുന്നു മാവോയുടെയും ചെൻ ദക്സിയുവിൻ്റെയും ലി ദഷാവോയുടെയും നേതൃത്വത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത്. വിപ്ലവത്തിന് തൊഴിലാളികൾ മാത്രം പോരെന്നും ചൈനയുടെ ഗ്രാമങ്ങളുടെ കരുത്ത് ഏറ്റെടുക്കണമെന്നും മാവോ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞു.

അടിച്ചമർത്തപ്പെട്ട ചൈനീസ് കർഷകർ മാവോയുടെ വിപ്ലവാഹ്വാനത്തിൽ ഉണർത്തെഴുന്നേറ്റു. അരിവാളിനെയും ചുറ്റികയെയും കൂട്ടിവിളക്കി ലോക സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളുടെ ജീവത്തായ സാക്ഷാത്കാരമാക്കി മാറ്റി.

വലതുപക്ഷ കുമിന്താങ്ങുകളുമായി സഹകരിച്ചും എതിർത്തും മുന്നോട്ടുനീങ്ങിയ കമ്യൂണിസ്റ്റ് പാർട്ടി മാവോയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ അധിനിവേശത്തെ ധീരോദാത്തമായി പ്രതിരോധിച്ചു. ഗ്രാമങ്ങളുടെ കരുത്തിൽ നഗരങ്ങളെ വളഞ്ഞ് പിടിച്ച് മുന്നോട്ട് പോയ ചുവപ്പൻ ലോങ് മാർച്ച് ചൈനീസ് വിപ്ലവത്തെ വിജയിപ്പിച്ചെടുത്തു.

“നമ്മളറിയാത്തതിൽ നിന്ന് പാഠം ഉൾക്കൊള്ളുക. പഴഞ്ചനെ തകർത്തെറിയുന്നത് മാത്രമല്ല നമ്മുടെ മികവ്, പുതിയതിനെ പണിതുറപ്പിക്കാൻ മാത്രം കരുത്തരാണ് നാം” എന്ന് മാവോ ആഹ്വാനം ചെയ്തപ്പോൾ പിന്നീടിന്നോളം ലോകം കാണാത്ത സോഷ്യലിസ്റ്റ് ബദൽ രൂപം കൊള്ളുകയായിരുന്നു.

കണക്കില്ലാത്ത ഭൂമി അന്യായമായി കൈവശം വെച്ച ഭൂപ്രഭുക്കളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു. സോഷ്യലിസം എന്നാൽ ദാരിദ്ര്യമാണെന്ന’ വലതുപക്ഷ നറേഷന്റെ മുനയൊടിച്ചു ചൈന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി മാറി. കൊവിഡ് ആദ്യം പടർന്നുപിടിച്ച, ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യം, ഇന്ന് തങ്ങളുടെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ കരുതലിൽ മഹാമാരിയെ മറികടക്കുന്നു.

ഭരണകൂടത്തിൻ്റെ ആയുധപ്പുരകളോട് ജയിക്കാൻ ജനങ്ങൾ അണിനിരക്കുക എന്നത് തന്നെയാണ് മാവോയുടെ വഴി. മാവോയുടെ പേരുപയോഗിച്ച് നടക്കുന്ന ഒറ്റപ്പെട്ട സാഹസികതകൾ അതേ ജനകീയ ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുകളെയാകെ തന്നെ നിരാകരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News