ലിനിയുടെ ഭര്‍ത്താവ് സജീഷ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു

നിസ്വാർത്ഥ സേവനത്തിനിടയിൽ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ സന്ദർശിച്ചു. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലാർക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്.

ആശുപത്രി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കൺട്രോൾ റൂമിലെത്തിയത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ പട്ടികയിൽ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. പക്ഷെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഈ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി സജീഷിന് ഉറപ്പ് നൽകി. ഒരേക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ആശുപത്രി വികസനത്തിന് പ്രൊപ്പോസൽ നൽകാനും മന്ത്രി നിർദേശം നൽകി.

നേരത്തെ മന്ത്രിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമാണെന്ന് സജീഷ് പറഞ്ഞു. മക്കളുടെ വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. 8 വയസുള്ള റിതുൽ മൂന്നാം ക്ലാസിലും 5 വയസുള്ള സിദ്ധാർത്ഥ് യു.കെ.ജി.യിലുമാണ് പഠിക്കുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജീഷ് എല്ലാ പിന്തുണയും നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News