കർണാലിൽ പ്രതിഷേധം ശക്തമാക്കി കർഷകർ; സമരത്തെത്തുടര്‍ന്ന് 4 ജില്ലകളിലെ ഇന്‍റര്‍നെറ്റ് വിലക്ക് നീക്കി 

ഹരിയാനയിലെ കർണാലിൽ പ്രതിഷേധം ശക്തമാക്കി കർഷകർ.  എസ്ഡിഎമ്മിനെതിരെ നടപടി ഉണ്ടായില്ലെങ്കിലുള്ള തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. സമരം തുടരുന്ന പശ്ചാത്തലത്തിൽ കർണൽ ഉൾപ്പെടെ 4 ജില്ലകളിൽ ഉള്ള ഇന്റർനെറ്റ് വിലക്ക് ഹരിയാന സർക്കാർ നീട്ടിയിട്ടുണ്ട്.

കർഷകസംഘടനകളുടെ കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആഗസ്റ്റ് 28 ന്  കർഷകർക്ക് നേരെ അക്രമം അഴിച്ചുവിടാൻ പൊലീസിനോട്‌ ആവശ്യപ്പെട്ട മുൻ എസ്ഡിഎം ആയുഷ് സിൻഹക്കെതിരെ കൊലകുറ്റം ചുമത്തുക, കർഷകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക, മരിച്ച കർഷകന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുക, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം അടിയന്തര സഹായം ലഭ്യമാക്കുക എന്നി ആവശ്യങ്ങൾ ഉയർത്തിയാണ് കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുന്നത്.

ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ഹരിയാനയിലെ മുഴുവൻ കളക്ട്രേറ്റുകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. എന്നാൽ ഹരിയനയിൽ നടന്ന സംഘർഷത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ സാധിക്കുവെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കി.

ഇന്ന് കർഷക സംഘടനകൾ യോഗം ചേർന്ന് തുടർ സമര പരിപാടികൾക്ക് രൂപം നൽകും. കഴിഞ്ഞ ദിവസം ഹരിയാന സർക്കാരുമായി കർഷക നേതാക്കൾ 3 മണിക്കൂറോളം നീണ്ട ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടു. മിനി സെക്രട്ടറിയേറ്റ് ഉപരോധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രദേശത്തെ ഇന്റർനെറ്റ് സേവനവും എസ്എംഎസ് സേവനവും ഹരിയാന സർക്കാർ വിച്ഛേദിച്ചു. ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here