‘സി പി ഐ എമ്മിൻറെ വേരറുക്കാമെന്നത്‌ ബി ജെ പിയുടെ വ്യാമോഹം’ എ.വിജയരാഘവന്‍

ത്രിപുരയില്‍ സി.പി.ഐ.എമ്മിന്റെ വേരറുക്കാമെന്നത്‌ ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എ .വിജയരാഘവന്‍.

സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി നടത്തുന്ന ഭീകരമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ വിജയരാഘവന്‍ അറിയിച്ചു.

ബി.ജെ.പിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സി.പി.ഐ.(എം) നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചൊരയില്‍ മുക്കി കൊല്ലാനുമാണ് ബി ജെ പിയുടെ ഫാസിസ്റ്റ്‌ രീതിയിലുള്ള ആക്രമണമെന്നും അധികാരത്തിലില്ലെന്ന്‌ കരുതി പാർട്ടിയെ ഇല്ലാതാക്കാനാവില്ലെന്നും അക്രമം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി തിരിച്ചടിക്കാനുള്ള ശേഷി ത്രിപുരയിലെ പാര്‍ട്ടിക്കുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

അധികാരമുപയോഗിച്ച്‌ എതിരാളികളെ നാമാവശേഷമാക്കാനുള്ള ആര്‍.എസ്‌.എസ്‌, ബി.ജെ.പിയുടെ ആസൂത്രിവും സംഘടിതവുമായ നീക്കമാണ്‌ ത്രിപുരയില്‍ നടക്കുന്നത്‌. ഇതിനെതിരെ ജനാധിപത്യ വിശ്വാസകള്‍ ശക്തമായി രംഗത്തുവരണമെന്നും എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിച്ച്‌ മനുഷ്യത്വഹീനമായാണ്‌ ത്രിപുരയില്‍ ബി.ജെ.പിയുടെ അക്രമവും തീവയ്‌പ്പും. മറ്റു പാര്‍ട്ടികളേയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണം. ഇതിനെ ശക്തമായി ചെറുത്ത്‌ തോല്‍പ്പിക്കേണ്ടതുണ്ട്‌. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ്‌ സി.പി.ഐ.(എം)നെതിരായ കിരാതമായ ആക്രമണം. പാർട്ടിയുടെ മുഖപത്രമായ ദേശര്‍കഥയ്‌ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി. മുന്‍ മുഖ്യമന്ത്രി മണിക്‌ സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന്‌ സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ക്കാണ്‌ കഴിഞ്ഞ ദിവസം പരിക്കേറ്റത്‌.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ത്രിപുരയില്‍ നടത്തുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാക്കിയ സ്വതന്ത്ര മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വെറുതെവിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക്‌ കൊടുത്ത വാഗ്‌ദാനങ്ങള്‍ പാലിക്കാനോ ബി.ജെ.പി സര്‍ക്കാരിന്‌ കഴിയുന്നില്ല. ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ത്രിപുര സര്‍ക്കാര്‍ തന്നെ കുഴപ്പത്തിലാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News