ചന്ദ്രിക കള്ളപ്പണ കേസ്; മുഴുവൻ രേഖകള്‍ ഇ ഡിക്ക് കൈമാറിയെന്ന് കെ ടി ജലീല്‍

ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്ന് കെ ടി ജലീല്‍ എംഎല്‍എ.  പി. കെ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി ഈ മാസം 16 ന് വിളിച്ചുവരുത്തുമെന്നും കെ ടി ജലീല്‍ പറഞ്ഞു. 17ാം തിയതി മുഈനലി ശിഹാബ് തങ്ങളുടെയും മൊഴിയെടുക്കാനാണ് ഇ.ഡിയുടെ നീക്കം. താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിശ്വസിക്കുന്നതായും ഇ.ഡിക്ക് മുന്നില്‍ തെളിവ് നല്‍കിയശേഷം മാധ്യമങ്ങളോട് ജലീല്‍ പറഞ്ഞു.

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ കുഞ്ഞാലിക്കുട്ടി അഴിമതിപണം ഒളിപ്പിക്കാന്‍ ഉപയോഗിച്ചെന്നും മുസ്ലീം ലീഗ് ഓഫീസ് നിർമ്മാണം എന്ന് പറഞ്ഞ് തുക സമാഹരിച്ച് കുഞ്ഞാലിക്കുട്ടി തന്റെ മകൻ ആഷിക്കിന്റെ പേരിൽ ഭൂമി വാങ്ങിയെന്നും കെ ടി ജലീൽ ആരോപിച്ചു.

കോഴിക്കോട് മടവൂരിലാണ് ഇതിനാവശ്യമായ സ്ഥലം വാങ്ങിയത്. സാധാരണ രീതിയില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ വാങ്ങാറുള്ളത് ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പേരിലാണ്.

ഇപ്പോള്‍ വാങ്ങിയ സ്ഥലം നിര്‍മാണത്തിന് അനുയോജ്യമായതല്ല. വെള്ളം കെട്ടിനില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമാണ്. അതിനോടനുബന്ധിച്ച് വേറെ നല്ല ഭൂമി പി കെ കുഞ്ഞാലിക്കുട്ടി തന്റെ മകന്‍ ആഷിഖിന്റെ പേരിലാണ് വാങ്ങിയത്. അതിന്റെ പണവും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്നാണ് പോയത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് കിട്ടാവുന്ന രേഖകളാണ് ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ചതെന്നും കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി എന്തുകൊണ്ട് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

അതേസമയം, എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ ഡി അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. സഹകരണവകുപ്പിന്‍റെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നത്.മുസ്ലീംലീഗ് നേതാക്കളുടെ അ‍ഴിമതിക്കെതിരായ തന്‍റെ പോരാട്ടത്തിന് സി പി ഐ എമ്മില്‍ നിന്നും പൂര്‍ണ്ണപിന്തുണ തനിക്കുണ്ടെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here