കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ സാധ്യതാ പട്ടിക തയ്യാറാവുന്നു; ചാണ്ടി ഉമ്മൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

കെപിസിസി ജനറൽ സെക്രട്ടറിമാരുടെ സാധ്യതാ പട്ടിക തയ്യാറാവുന്നു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന. ചാണ്ടി ഉമ്മൻറെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത് ഐ ഗ്രൂപ്പ്. പ്രാഥമിക ചർച്ചയിൽ പേരുകളിൽ സമവായം ആയില്ലെന്ന് സൂചന. പട്ടികയിൽ മുൻ തൂക്കം ഇപ്പോ‍ഴും കെസി വേണുഗോപാലിന് തന്നെ. ഗ്രൂപ്പുകളെ വെട്ടിനിരത്താൻ വീണ്ടും സുധാകര- സതീശ പക്ഷം രംഗത്ത് . 15 ജനറൽ സെക്രട്ടറിമാരുടെ സാധ്യതാ പട്ടികയിൽ ദളിത് പ്രാതിനിധ്യമില്ല. അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഖാദർ മങ്ങാട് പരിഗണയിൽ.

ക‍ഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് കെപിസിസി ജനറൽ സെക്രട്ടറിമാരായി നിയമിക്കേണ്ടവരുടെ
പേരുകളെ സംബന്ധിച്ച ആദ്യ ഘട്ട കൂടിയാലോചനകൾ ആരംഭിച്ചത്. കെപിസിസി അധ്യക്ഷനും, വർക്കിംഗ് പ്രസിഡൻറുമാരും, പ്രതിപക്ഷനേതാവും , ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയുമാണ് ചർച്ചകളിൽ പങ്കെടുത്തത്. 15 ജനറൽ സെക്രട്ടറിമാരും, 34 അംഗ നിർവാഹക സമിതിയും ആണ് ഉണ്ടാവുക എന്നാണ് അറിയുന്നത്. എന്നാൽ നിർവ്വാഹക സമിതി അംഗങ്ങളെ പറ്റി ചർച്ച നടന്നിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മകനും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻറെ പേര് ഐ ഗ്രൂപ്പ് ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വെച്ചത്. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പട്ടികയിൽ മൂന്ന് പേർ വനിതകളായിരിക്കും.

ബിന്ദു കൃഷ്ണ, പദ്മജാ വേണുഗോപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും, സുമാ ബാലകൃഷ്ണൻ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പേരുകാർ ഇവരാണ് .കെ മുരളീധരൻ വിശ്വസ്തൻ മരിയാപുരം ശ്രീകുമാർ, കെ സുധാകരനോട് ആഭിമുഖ്യം ഉളള മുൻ മന്ത്രി എം ആർ രഘുചന്ദ്രബാൽ , റിങ്കുചെറിയാൻ, പിടി തോമസിനോട് ആഭിമുഖ്യം ഉളള എം എൻ ഗോപി, കെസി വേണുഗോപാലിൻറെ വിശ്വസ്തൻ എംജെ ജോബ്, ടിജെ വിനോദ്,അജയ് തറയിൽ, വിടി ബൽറാം, എൻ സുബ്രമണ്യൻ, ആര്യാടൻ ഷൗക്കത്ത്,സജീവ് മാറൊളി, പിഎസ് രഘുറാം, പിടി അജയമോഹൻ .

വൈസ് പ്രസിഡൻറുമാരായി ജോസഫ് വാ‍ഴക്കൻ, സതീശൻ പാച്ചേനി എന്നിവരെയും പരിഗണിക്കുന്നു. എന്നാൽ പട്ടികയിൽ ദളിത് പ്രാതിനിധ്യം ഇല്ലെന്ന് ചൂണ്ടികാട്ടി വിപി സജീന്ദ്രൻ, പികെ ജയലക്ഷ്മി എന്നിവരുടെ പേരുകൾ ഉമ്മൻചാണ്ടി നിർദേശിച്ചു.

പുതിയതായി രൂപീകരിക്കുന്ന അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഖാദർ മങ്ങാടിനേയും, അംഗങ്ങളായി കെകെ എബ്രഹാമും, വിഎസ് വിജയരാഘവൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാൽ മുസ്ലീം പ്രാതിനിധ്യം കുറവാണെന്നത് കാട്ടി വർക്കല കഹാർ കൂടി ലിസ്റ്റിൽ ഇടംപിടിച്ചേക്കാം.

സൂരജ് രവി, ജ്യോതികുമാർ ചാമക്കല എന്നീ പേരുകളും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നിട്ടുണ്ട്. വിശദമായ ചർച്ച വേണമെന്ന് രമേശും , ഉമ്മൻചാണ്ടിയും കടുംപിടുത്തം തുടർന്നാൽ പട്ടിക വീണ്ടും നീണ്ടേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News