ADVERTISEMENT
ഹരിത പ്രവർത്തകർ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനാണ് നവാസിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നവാസിനെ ജാമ്യത്തിൽ വിട്ടു. ഹരിതക്കെതിരായ നിലപാട് ആവർത്തിച്ച നവാസ്, കേസ് നിയമപരമായി നേരിടുമെന്ന് പറഞ്ഞു.
1.20 ഓടെയാണ് എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ് ചോദ്യം ചെയ്യലിനായി കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. കേസ് അന്വേഷിക്കുന്ന ചെമ്മങ്ങാട് സി ഐ, സി അനിതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം നവാസിനെ ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് 354 (A) വകുപ്പനുസരിച്ചാണ് അറസ്റ്റെന്ന് സി ഐ അനിതാകുമാരി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും സി ഐ വ്യക്തമാക്കി.
സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ പി കെ നവാസ് ഹരിത പ്രവർത്തകരെ അപമാനിച്ചില്ലെന്ന നിലപാട് ആവർത്തിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും നവാസ് പറഞ്ഞു.
പികെ നവാസ് എം എസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ജൂൺ 22ന് കോഴിക്കോട് ചേർന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി കെ നവാസ് മോശമായി സംസാരിച്ചുവെന്നും വി അബ്ദുൾ വഹാബ് ഫോൺ വഴി അശ്ലീലം പറഞ്ഞു എന്നുമാണ് വനിതാ കമ്മീഷന് ഹരിത പ്രവർത്തകർ നൽകിയ പരാതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.