കണ്ണൂർ സർവകലാശാല സിലബസ് വിവാദം; പരിശോധനയ്ക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസിലർ

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പരിശോധിക്കുന്നതിനും പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. കാവിവൽക്കരണം എന്ന പ്രചാരണം ശരിയല്ലെന്നും  വിമർശനാത്മക, താരതമ്യ പഠനത്തിനാണ് ചില പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയതെന്നും വി സി വ്യക്തമാക്കി.

കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച എം എ പൊളിറ്റിക്സ് ആൻഡ് ഗവേർണൻസ് കോഴ്സിൻ്റെ സിലബസിനെ കുറിച്ച് ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു വൈസ് ചാൻസലർ. അക്കാദമിക് രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം എന്ന പ്രചരണം ശരിയല്ലെന്ന് വി സി പറഞ്ഞു.

വിമർശനാത്മക താരതമ്യ പഠനത്തിനാണ് ഹിന്ദുത്വ സൈദ്ധാന്തികരുടെ പാഠഭാഗങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസ് പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യില്ല. എന്നാൽ, വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കായി രണ്ടംഗ വിദഗ്ദ സമിതിയെ നിയോഗിച്ചതായും വിസി വ്യക്തമാക്കി.

കേരള സർവ്വകലാശാലയിലെ പ്രൊഫസർ ജെ പ്രഭാഷ്, കേരള സർവകലാശാലയിലെ പ്രൊഫസർ പവിത്രൻ എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് സിലബസ് പരിശോധനയ്ക്കായി നിയോഗിച്ചത്. അഞ്ച് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. കാവി വത്കരണം ഇല്ലെങ്കിലും സിലബസിൽ മറ്റ് ചില പോരായ്മകൾ ഉണ്ടെന്നാണ്  മനസ്സിലാക്കുന്നതെന്നും വിദഗ്ദ സമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വി സി വ്യക്തമാക്കി.

അതേസമയം, സിലബസിൽ കാവി വത്കരണം ആരോപിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News