പി കെ നവാസ് അറസ്റ്റിലായതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയില്‍

ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിലായതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായി. നവാസിനെ തള്ളി പറയാനോ അറസ്റ്റില്‍ പ്രതികരിക്കാനോ ലീഗ് നേതാക്കള്‍ തയ്യാറായില്ല. എന്നാല്‍ നിയമ നടപടി പുരോഗമിക്കുന്ന ആശ്വാസത്തിലാണ് പരാതിക്കാരായ ഹരിത പ്രവര്‍ത്തകര്‍.

ഹരിതാ പ്രവര്‍ത്തകര്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായി. ഹരിതയെ പൂര്‍ണ്ണമായും തളളി, പാര്‍ട്ടി സംരക്ഷണം നല്‍കുന്ന വ്യക്തി ‘സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനാണ് അറസ്റ്റിലായത് എന്നത് വലിയ പ്രഹരമാണ് ലീഗിന് ഏല്‍പ്പിച്ചത്.

നേതാക്കള്‍ക്കിടയില്‍ അറസ്റ്റ് ചര്‍ച്ചയായി. നവാസിന് പാര്‍ട്ടി നല്‍കുന്ന സംരക്ഷണം, തുടരുന്നതില്‍ ലീഗിനുള്ളില്‍ ഭിന്നതയുണ്ട്. എന്നാല്‍ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നവാസിനെ തള്ളി പറയാനോ അറസ്റ്റില്‍ പ്രതികരിക്കാനോ ലീഗ് നേതാക്കള്‍ തയ്യാറായില്ല. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പി കെ നവാസ് ഹരിത പ്രവര്‍ത്തകരെ അപമാനിച്ചില്ലെന്ന നിലപാടാണ് ആവര്‍ത്തിച്ചത്.

കേസ് നിയമപരമായി നേരിടുമെന്നും ലീഗ് നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും നവാസ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കാത്ത നീതി നിയമപരമായി ലഭിക്കുന്നതില്‍ പരാതി നല്‍കിയ ഹരിത പ്രവര്‍ത്തകര്‍ ആശ്വാസത്തിലാണ്. വനിതാ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കാനും പൊലീസ് അന്വേഷണവുമായി സഹകരിക്കാനുമാണ് ഇവരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here