പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതിയോട് സംസ്ഥാന സർക്കാർ

പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രയോഗികമല്ലെന്നും എഴുത്ത് പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. എഴുത്തു പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

ഒക്ടോബറിൽ മൂന്നാംതരംഗ മുന്നറിയിപ്പുള്ളതിനാൽ ഈമാസം തന്നെ പരീക്ഷ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് എ പി എം മുഹമ്മദ് ഹനീഷ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 13 -ാം തിയതി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.

അതേസമയം, പ്ലസ് വൺ എഴുത്തു പരീക്ഷയ്ക്ക് ഒരു വിദ്യാർത്ഥിക്ക് പോലും അസുഖം വരാത്ത രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി കൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുതാൽപര്യഹർജികൾ തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

ഏപ്രിലിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയതും ജൂലൈയിൽ സാങ്കേതിക സർവകലാശാല എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതും സർക്കാർ ചൂണ്ടിക്കാട്ടി. 7.32 ലക്ഷം വിദ്യാർത്ഥികൾ ജെ ഇ ഇ മെയിൻ പരീക്ഷയെഴുതിയതും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പ്രതിപാദിക്കുന്നുണ്ട്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു തന്നെ പ്ലസ് വൺ പരീക്ഷയും നടത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നൽകിയ മറുപടിയിൽ പറയുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 20 കുട്ടികളെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കും. പഠന ഉപകരണങ്ങൾ കൈമാറി ഉപയോഗിക്കാൻ അനുവദിക്കില്ല. തുടങ്ങി കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. കൊവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ പ്ലസ് ടു പരീക്ഷയിൽ തോറ്റവർക്കും പരീക്ഷ എഴുതണമെന്നതും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജികൾ 13 ന് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ച് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News