ബി ജെ പി കോർ കമ്മിറ്റി നാളെ; സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന നിലപാടിലുറച്ച് കൃഷ്ണദാസ്- ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ

ബിജെപി കോർ കമ്മിറ്റി നാളെ കൊച്ചിയിൽ ചേരും. കൊടകര കുഴൽപണകേസ്, സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകൾ യോഗത്തിൽ ചർച്ചയാകും . കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ സമഗ്രമായ നേതൃമാറ്റം ആവശ്യപ്പെടും.ജില്ലാ , മണ്ഡലം കമ്മിറ്റികളുടെ പുനക്രമീകരണമെന്ന നിർദ്ദേശമാണ് സുരേന്ദ്രൻ പക്ഷം മുന്നോട്ട് വെക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ചേരുന്ന ബി.ജെ.പി. കോർകമ്മിറ്റിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കൃഷ്ണദാസ് ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മണ്ഡലം, ജില്ലാ, മേഖല കമ്മിറ്റികൾ പുനഃക്രമീകരിച്ചു സംസ്ഥാന ഭാരവാഹിത്വത്തിലെ ഒഴിവുകൾ നികത്തി പുനസംഘടന നടത്താനാണ് ഔദ്യോഗിക പക്ഷത്തിൻ്റെ നീക്കം.

എന്നാൽ തൊലിപ്പുറത്തു ചികിത്സ നടത്തി മുഖം മിനുക്കാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ. സംസ്ഥാന അധ്യക്ഷൻ മാറാതെ സംസ്ഥാനത്തെ ഒരു മാറ്റത്തിനും പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇരു പക്ഷങ്ങളും.മറ്റ് രാഷ്ട്രിയ പാർട്ടികളിൽ നടക്കുന്ന സമഗ്രമായ മാറ്റങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ ബിജെപിയ്ക്ക് കേരളത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കെ സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് കേരളത്തിലെ ആർ എസ് എസ്സും. സംസ്ഥാനത്ത് 14 ജില്ലകളിലും 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടന്ന അവലോകന ചർച്ചയിൽ നേതൃത്വം പൂർണ്ണമായി മാറാതെ ബിജെപിയ്ക്ക് രക്ഷയില്ലെന്ന വികാരമാണ് ഉയർന്നത്. തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളും 117 നിയോജകമണ്ഡലം കമ്മിറ്റികളും സംസ്ഥാന അധ്യക്ഷൻ മാറണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇത് കോർ കമ്മിറ്റിയിൽ ചർച്ചയാകുന്ന റിപ്പോർട്ടിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ പഞ്ചായത്ത്, നിയോജകമണ്ഡലം തലത്തിൽ പാർട്ടി പ്രവർത്തനം പൂർണ്ണമായി നിശ്ചലമാകാനാണ് സാധ്യത.

സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങളുടെ ആവശ്യത്തോട് ദേശീയ നേതൃത്വം അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചത്. അതിനെ മറികടക്കാനാണ് ഇപ്പോൾ ഔദ്യോഗിക വിഭാഗം അടിയന്തിര കോർ കമ്മിറ്റി വിളിച്ചതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുന്നു.

അതേസമയം കൊടകര കുഴൽപണകേസ്, സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകളും യോഗത്തിൽ ചർച്ചയാകും . ഈ കോഴക്കേസുകൾ പാർട്ടിയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കിയെന്ന വികാരത്തിലാണ് ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും കോർ കമ്മറ്റിയോഗത്തിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News