സുരേന്ദ്രനവും ശോഭയ്ക്കും ഇന്ന് നിര്‍ണായകം; ബിജെപി കോർ കമ്മിറ്റി  കൊച്ചിയിൽ

ബിജെപി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ ചേരും. നിയമസഭാ  തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊടകര കുഴൽപ്പണകേസ്, സംസ്ഥാന  പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകൾ എന്നിവയും യോഗത്തിൽ ചർച്ചയാകും . കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ സമഗ്രമായ നേതൃമാറ്റം ആവശ്യപ്പെടും.

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവന ബി ജെ പിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പാര്‍ട്ടിയുടെ ഏക എം എല്‍ എയായിരുന്ന രാജഗോപാലിന്‍റെ പ്രസ്താവനകളും ദോഷം ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരത്തില്‍ നേതൃത്വത്തിന്‍റെ വീ‍ഴ്ച്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് ഇന്നത്തെ കോര്‍കമ്മിറ്റിയില്‍ വലിയ ചര്‍ച്ചയാകും.

നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കൃഷ്ണദാസ് ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മണ്ഡലം, ജില്ലാ, മേഖല കമ്മിറ്റികൾ പുനഃക്രമീകരിച്ചു സംസ്ഥാന ഭാരവാഹിത്വത്തിലെ ഒഴിവുകൾ നികത്തി പുനസംഘടന നടത്താനാണ് ഔദ്യോഗിക പക്ഷത്തിൻ്റെ നീക്കം. എന്നാൽ  തൊലിപ്പുറത്തു ചികിത്സ നടത്തി മുഖം മിനുക്കാൻ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ്   കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ. സംസ്ഥാന അധ്യക്ഷൻ മാറാതെ  ഒരു മാറ്റത്തിനും പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇരു പക്ഷങ്ങളും.

കെ.സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് കേരളത്തിലെ ആർ എസ് എസ്സും. സംസ്ഥാനത്ത് 14 ജില്ലകളിലും 140 മണ്ഡലങ്ങളിലും  തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട്  നടന്ന  അവലോകന ചർച്ചയിൽ നേതൃത്വം പൂർണ്ണമായി മാറാതെ ബിജെപിക്ക് രക്ഷയില്ലെന്ന വികാരമാണ് ഉയർന്നത്. തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളും 117 നിയോജകമണ്ഡലം കമ്മിറ്റികളും സംസ്ഥാന അധ്യക്ഷൻ മാറണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍  പഞ്ചായത്ത്, നിയോജകമണ്ഡലം തലത്തിൽ പാർട്ടി പ്രവർത്തനം പൂർണ്ണമായി നിശ്ചലമാകാനാണ് സാധ്യത. സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങളുടെ ആവശ്യത്തോട് ദേശീയ നേതൃത്വം അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചത്. അതിനെ മറികടക്കാനാണ് ഇപ്പോൾ ഔദ്യോഗിക വിഭാഗം അടിയന്തിര കോർ കമ്മിറ്റി വിളിച്ചതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുന്നു.

അതേസമയം കൊടകര കുഴൽപ്പണകേസ്, സംസ്ഥാന  പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകളും  യോഗത്തിൽ ചർച്ചയാകും . ഈ കോഴക്കേസുകൾ പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയെന്ന വികാരത്തിലാണ് ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും  കോർ കമ്മറ്റിയോഗത്തിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News