അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം: മുസ്ലീം ജമാഅത്ത്

രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റല്‍ നിലനില്‍ക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല.

വിട്ടുവീഴ്ചയുടെയും മനുഷ്യസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കാന്‍ ബാധ്യതപ്പെട്ട മതനേതൃത്വങ്ങള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട്. മതസംഞ്ജകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വര്‍ഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുക. അന്യന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതിനോ പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ മതത്തിലേക്ക് ആളെക്കൂട്ടുന്നതിനോ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല.

എന്നല്ല, അത്തരം തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്ലാമിന്റെ മൂല്യവിഭാവന. എന്നിരിക്കെ ജിഹാദ് എന്ന ഇസ്ലാമിക സംജ്ഞയെ മതപരിവര്‍ത്തനത്തിലേക്ക് ചേര്‍ത്തുപറയുന്നത് മതത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തതിന്റെ പ്രശ്‌നമാണ്.
വിവിധ മതവിഭാഗങ്ങള്‍ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ആരും തുനിയരുത്. കേരളത്തില്‍ മുസ്ലിം, ക്രൈസ്തവസമുദായങ്ങളില്‍ നിലനില്‍ക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടായിക്കൂടാത്തതാണ്.

പാലാ രൂപതയുടെ ബിഷപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ തികച്ചും അനുചിതമായിപ്പോയി. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വര്‍ഗീയധ്രുവീകരണത്തിനായി ദുരുപയോഗിക്കപ്പെടുന്ന കാലത്ത് കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാകാന്‍ മതസമൂഹങ്ങള്‍ക്കും സമുദായനേതാക്കള്‍ക്കും കഴിയേണ്ടതാണ്. ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും ഇനിയും തുടര്‍ന്നുകൂടാ. അത് സമൂഹത്തില്‍ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ആ പ്രസ്താവനയുടെ പേരില്‍ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്ലീം ജമാഅത്ത് അഭിപ്രായപ്പെട്ടു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, കെ.കെ.അഹ്മദ്കുട്ടി മുസ്ലിയാര്‍,പട്ടുവം കെ.പി.അബൂബക്കര്‍ മുസ്ലിയാര്‍,സി.മുഹമ്മദ് ഫൈസി,മാരായമംഗലം അബ്ദുല്‍റഹ്മാന്‍ ഫൈസി,എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സി പി സൈതലവി മാസ്റ്റര്‍,മജീദ് കക്കാട് ,എ.സൈഫുദ്ദീന്‍ ഹാജിപങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News