തൈറോയ്ഡ് കാന്‍സര്‍ അറിയേണ്ടതെല്ലാം

തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കുമാത്രമാണ് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നുള്ളൂവെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഇത് അഞ്ചു ശതമാനം മാത്രമേ ഉള്ളുവെങ്കിലും ഈയിടെയായി കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരത്തും കൊല്ലത്തും, സ്ത്രീകളില്‍ തൈറോയ്ഡ് കാന്‍സര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്താണ് തൈറോയ്ഡ്?

കഴുത്തിനു മുന്‍ഭാഗത്തായി കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. പൂമ്പാറ്റയുടെ ആകൃതിയുള്ള ഈ ഗ്രന്ഥി ശ്വാസനാളത്തിനു ചുറ്റുമായി സ്ഥിതി ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നുടെ ഹൃദയസ്പന്ദനം, രക്തസര്‍ദം, ശരീരതാപം, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

എന്താണ് തൈറോയ്ഡ് കാന്‍സര്‍?

തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അര്‍ബുദത്തെയാണ് തൈറോയ്ഡ് (Thyroid Gland) കാന്‍സര്‍ എന്നു പറയുന്നത്. ഇത് പലതരത്തിലുണ്ട്. ചിലതരം തൈറോയ്ഡ് കാന്‍സര്‍ ചെറുപ്രായത്തില്‍ (15 മുതല്‍ 35 വരെ വയസിനുള്ളില്‍) തുടങ്ങി വളരെമെല്ലെ വളരുന്നതായി കാണാം. ശരീരത്തില്‍ അയഡിന്റെ കുറവുള്ളവര്‍ക്കും കൂടുതല്‍ അണുപ്രസരണം (റേഡിയേഷന്‍) ഏല്‍ക്കുന്നവര്‍ക്കും തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ പടര്‍ന്നു പിടിച്ച അവസ്ഥയില്‍പ്പോലും മിക്കവാറും തൈറോയ്ഡ് കാന്‍സറുകള്‍ ശരിയായ ചികിത്സകൊണ്ട് ഏകദേശം പൂര്‍ണമായിത്തന്നെ ചികിത്സിച്ചു മാറ്റാന്‍ കഴിയാറുണ്ട്.

വളരെ ചെറുപ്പത്തില്‍ റേഡിയേഷന്‍ ഏല്‍ക്കേണ്ടിവന്നവരില്‍ തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാവാം. നാഗസാക്കി, ഹിരോഷിമ, ചെര്‍ണോബില്‍ തുടങ്ങിയ ആണവദുരന്തഭൂമികളില്‍ വളരെധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തൈറോയ്ഡ് കാന്‍സര്‍ കാണുന്നുണ്ട്. കേരളത്തില്‍ കരിമണലും ധാതുക്കളും നിറഞ്ഞ ചവറ എന്ന സ്ഥലത്ത് തൈറോയ്ഡ് കാന്‍സര്‍ നിരക്ക് കൂടുതലാണ്.

ലക്ഷണങ്ങള്‍

കഴുത്തിന്റെ മുന്‍ഭാഗത്ത് മുഴകള്‍ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ചിലപ്പോള്‍ ഇവ രോഗി സ്വയം കണ്ടുപിടിക്കും. അല്ലെങ്കില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴോ മറ്റെന്തെങ്കിലും രോഗനിര്‍ണയത്തിനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തുമ്പോഴോ കണ്ടുപിടിക്കപ്പെടുന്നു.

തൊണ്ടമുഴ അഥവാ ഗോയിറ്റര്‍ ഉണ്ടാകാന്‍ കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസങ്ങളാണ്. തൊണ്ടമുഴകള്‍ എല്ലാം ഗോയിറ്റര്‍ ആവണമെന്നില്ല. അതുപോലെ തൊണ്ടമുഴകളില്‍ അധികവും കാന്‍സര്‍ കൊണ്ടല്ല എന്നും മനസിലാക്കണം. സംശയകരമായ മുഴകള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഉദാഹരണമായി ഒറ്റപ്പെട്ടു കാണുന്ന മുഴകള്‍, മുഴകളോടൊപ്പം ശബ്ദത്തിനു വ്യത്യാസമോ വേദനയോ അനുഭവപ്പെടുക, വളരെ ചെറിയ പ്രായത്തിലോ(അതായത് 20 വയസിനുമുമ്പ്) അറുപതു വയസിനുശേഷമോ ഉണ്ടാകുന്ന മുഴകള്‍, വേഗത്തില്‍ വളരുന്ന മുഴകള്‍ മുതലായവ.

മുഴ വലുതാണെങ്കില്‍ കഴുത്തിലോ മുഖത്തോ വേദന, ശ്വാസതടസം, വിഴുങ്ങാന്‍ പ്രയാസം, തണുപ്പുകൊണ്ടല്ലാതെ ഉണ്ടാവുന്ന ചുമ, ശബ്ദവ്യത്യാസം, ശബ്ദത്തിനു പരുപരുപ്പ് എന്നീ ലക്ഷണങ്ങളുണ്ടാവാം.

രോഗനിര്‍ണയം

ഡോക്ടര്‍ മുഴ പരിശോധിച്ചശേഷം പലതരം പരിശോധനകള്‍ നിര്‍ദേശിക്കുന്നു.

1.രക്തപരിശോധന

രക്തത്തിലെ ഹീമോഗ്ലോബിന്റെ തോത് അറിയാനുള്ള സാധാരണ പരിശോധനകള്‍ക്കു പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മനസിലാക്കാന്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്ന പരിശോധനയും (തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റ്) നടത്താറുണ്ട്. പക്ഷേ അര്‍ബുദവും തൈറോയ്ഡിന്റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ല. അതായത് അര്‍ബുദമുണ്ടെങ്കിലും ചിലപ്പോള്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം നോര്‍മലാണെന്നു കാണിക്കാറുണ്ട്.

2. ഫൈന്‍ നീഡില്‍ ബയോപ്‌സി

ഈ പരിശോധനയില്‍, ഒരു നേര്‍ത്ത സൂചി മുഴയില്‍ കടത്തി അതില്‍ നിന്ന് കോശങ്ങളെടുത്ത് സൂക്ഷ്മപരിശോധന നടത്തും. ഇതിനുവേണ്ടി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഈ പരിശോധനയ്ക്ക് 90 ശതമാനത്തിലധികം കൃത്യതയുണ്ട്. ഇതിനെ ഫൈന്‍ നീഡില്‍ ബയോപ്‌സി എന്നും പറയും.

3. തൈറോയ്ഡ് സ്‌കാന്‍

അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചും മുഴകളെക്കുറിച്ചും കഴുത്തില്‍ കഴലയുണ്ടെങ്കില്‍ അവയെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നു. അതുപോലെ FNAC പരിശോധന കൃത്യമായ നടത്താനും ഇത്തരം സ്‌കാന്‍ പരിശോധന സഹായിക്കാറുണ്ട്.

4. ഇമേജിംഗ് സ്റ്റഡീസ്

വിവിധതരം പരിശോധനകളായ എക്‌സ്‌റേ, സിടി സ്‌കാന്‍, എംആര്‍ഐ, PET സ്‌കാന്‍ എന്നിവയും രോഗനിര്‍ണയത്തിനു സഹായിക്കുന്നു. തൈറോയ്ഡ് കാന്‍സര്‍ മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ടോയെന്നറിയാന്‍ നെഞ്ചിന്റെ എക്‌സറേ, നെഞ്ചിന്‍േറയും വയറിന്റെയും സിടി സ്‌കാന്‍, എല്ലുകളുടെ സ്‌കാന്‍ എന്നിവയും നടത്താറുണ്ട്.

ചികിത്സാരീതികള്‍

രോഗിയുടെ പ്രായം, കാന്‍സറിന്റെ തരവും ഘട്ടവും, രോഗിയുടെ ആരോഗ്യനില എന്നിവയെല്ലാം അനുസരിച്ചാണ് ഡോക്ടര്‍ ചികിത്സ നിശ്ചയിക്കുന്നത്.

1. ശസ്ത്രക്രിയ

മുഴ ബാധിച്ച ഭാഗം മാത്രമായോ (Partial Thyrode- ctomy) തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ (Complete Thyroidectomy) ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യുന്നു. കഴുത്തില്‍ കഴലവീക്കം (Lymph Node Enlargement) ഉണ്ടെങ്കില്‍ അവയും ഇതോടൊപ്പം നീക്കം ചെയ്യും. ഈ ശസ്ത്രക്രിയയ്ക്ക് പൊതുവേ പാര്‍ശ്വഫലങ്ങള്‍ കുറവാണ്. എങ്കിലും അപൂര്‍വമായി രക്തസ്രാവം, ശബ്ദത്തിനു വ്യത്യാസം, രക്തത്തില്‍ കാത്സ്യത്തിന്റെ തോത് കുറയുക എന്നിവയുണ്ടാകാം. ഏറ്റവും ചെറിയ മുഴ മുതല്‍ ശരീരത്തില്‍ രോഗം പടര്‍ന്ന അവസ്ഥവരെയും ചെയ്യാവുന്ന ചികിത്സാരീതിയാണ് ശസ്ത്രക്രിയ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്താല്‍ ജീവിതകാലം മുഴുവന്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടിവന്നേക്കാം.
കാന്‍സര്‍ ഏതു ഘട്ടത്തിലാണെന്ന് അറിയാന്‍ റേഡിയോ അയഡിന്‍ സ്‌കാനും ചെയ്യാറുണ്ട്.

2. റേഡിയോ അയഡിന്‍ ചികിത്സ

ശരീരത്തില്‍ അയഡിന്‍ വലിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയുന്ന അവയവം തൈറോയ്ഡാണ്. അതുകൊണ്ട് അയഡിനെ റേഡിയോ വികിരണശേഷിയുള്ളതാക്കി (റേഡിയോ അയഡിന്‍) കടത്തിവിട്ടാല്‍ ശരീരത്തിലെ മറ്റൊരു ഭാഗത്തെയും ബാധിക്കാതെ അര്‍ബുദവളര്‍ച്ചയുള്ള തൈറോയ്ഡ് കോശങ്ങളെ മാത്രം നശിപ്പിക്കാന്‍ കഴിയും. ഇതിനെയാണ് റേഡിയോ അയഡിന്‍ ചികിത്സയെന്നു പറയുന്നത്.

പക്ഷേ തൈറോയ്ഡ്ഗ്രന്ഥി മുഴുവനും എടുത്തു കളഞ്ഞശേഷം ഈ ചികിത്സ കൊടുത്താല്‍ മാത്രമേ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ സാധാരണ അയഡിനെ വലിച്ചെടുക്കുന്നതുപോലെ തൈറോയ്ഡ് കോശങ്ങള്‍ റേഡിയോ അയഡിന്‍ മുഴുവനായും വലിച്ചെടുക്കുകയും അര്‍ബുദകോശങ്ങളുടെ അടുത്തെത്താനോ അവയെ നശിപ്പിക്കാനോ കഴിയാത്ത തരത്തില്‍ ഒരു കവചം തീര്‍ക്കുകയും ചെയ്യും.

തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തശേഷം ചെറിയ ഡോസില്‍ റേഡിയോ അയഡിന്‍ നല്‍കി സ്‌കാന്‍ ചെയ്ത് കാന്‍സര്‍ കണ്ടെത്തുകയും അതിനുശേഷം വലിയ ഡോസില്‍ റേഡിയോ അയഡിന്‍ നല്‍കി അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ അപൂര്‍വമായി കാണപ്പെടുന്ന മെഡുല്ലറി കാര്‍സിനോമ, അനാപ്ലാസ്റ്റിക് കാര്‍സിനോമ എന്നിവയെ ഇപ്രകാരം റേഡിയോ അയഡിന്‍ കൊണ്ട് നശിപ്പിക്കാന്‍ കഴിയില്ല.

മറ്റുള്ള അര്‍ബുദങ്ങള്‍ക്കു നല്‍കുന്നതുപോലെ പുറമേ നിന്നുള്ള റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും വളരെ അപൂര്‍വമായി മാത്രമേ തൈറോയ്ഡ് കാന്‍സറിനെ ഉപയോഗിക്കാറുള്ളൂ.

ചികിത്സയ്ക്കുശേഷവും ഇടയ്ക്കിടെ പരിശോധന നടത്തണം. 30 ശതമാനം പേരില്‍ കുറേ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അര്‍ബുദം ഉണ്ടായേക്കാം. അതുകൊണ്ടു ജീവിതകാലം മുഴുവന്‍ ഇടയ്ക്കിടെയുള്ള പരിശോധന തുടരേണ്ടത് അത്യാവശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News