പ്ലസ് വണ്‍ പരീക്ഷ; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ന്

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കില്ല. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അവധിയായതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്

പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കാട്ടി കഴിഞ്ഞദിവസം കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരിന്നു. എഴുത്തു പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.

പ്ലസ് വണ്‍ എഴുത്തു പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ത്ഥിക്ക് പോലും അസുഖം വരാത്ത രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് വ്യക്തമാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഓണ്‍ലൈന്‍ പരീക്ഷ തീരുമാനിച്ചാല്‍ മൊബൈല്‍ ഫോണ്‍ പോലും ലഭ്യമാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുതാല്‍പര്യഹര്‍ജികള്‍ തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഏപ്രിലില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തിയതും ജൂലൈയില്‍ സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 7.32 ലക്ഷം വിദ്യാര്‍ത്ഥികള്‍ ജെ ഇ ഇ മെയിന്‍ പരീക്ഷയെഴുതിയതും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു തന്നെ പ്ലസ് വണ്‍ പരീക്ഷയും നടത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നല്‍കിയ മറുപടിയില്‍ പറയുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 20 കുട്ടികളെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കും. പഠന ഉപകരണങ്ങള്‍ കൈമാറി ഉപയോഗിക്കാന്‍ അനുവദിക്കില്ല. തുടങ്ങി കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. കൊവിഡ് ബാധിതരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്ലസ് ടു പരീക്ഷയില്‍ തോറ്റവര്‍ക്കും പരീക്ഷ എഴുതണമെന്നതും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News