യുപിയിൽ ദളിത് വനിതാ ദേശീയ ഖോഖൊ താരത്തിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പീഡനത്തിനിരയായതായി കുടുംബം

ഉത്തർപ്രദേശിലെ ബിജ്‌നോരിൽ ദളിത് വനിതാ ദേശീയ ഖോഖൊ താരത്തെ വീടിന്‌ സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടിയ കോളനി നിവാസിയായ ഇരുപത്തിനാലുകാരിയുടെ മൃതദേഹമാണ് വീടിന് 100 മീറ്റർ മാത്രം അകലെയായി കണ്ടെത്തിയത്. വസ്‌ത്ര‌ങ്ങൾ വലിച്ചുകീറിയ അവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടി പീഡനത്തിനിരയായതായി കുടുംബം ആരോപിച്ചു.

പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതായും കഴുത്ത്‌ ഞെരിച്ച പാടുകളുണ്ടെന്നും പല്ല് പൊട്ടിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച സമീപത്തെ സ്വകാര്യ സ്‌കൂളിൽ അഭിമുഖത്തിനായി പോയ പെൺകുട്ടിയെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന്‌ വീട്ടുകാർ അന്വേഷണം നടത്തി.

തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ റെയിൽവേ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. സ്ഥലത്തെത്തിയ പൊലീസ്‌ ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്ന്‌ കുടുംബം ആരോപിച്ചു. തങ്ങളുടെ അധികാര പരിധിയിൽ പെടുന്നതല്ല കുറ്റം നടന്ന സ്ഥലമെന്നും 40 കിലോ മീറ്റർ അകലെയുള്ള റെയിൽവേ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പീന്നിട്‌ പ്രാദേശിക പ്രതിപക്ഷ രാഷ്‌ട്രീയ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ്‌ 302, 376 വകുപ്പുകള്‍ ചേര്‍ത്ത്‌ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതിന് പ്രാഥമിക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബിജ്‌നോര്‍ എസ്‌പി ധരംവീര്‍ സിങ് പറഞ്ഞു. എന്നാൽ, പൊലീസിന്റെ വാദം പെൺകുട്ടിയുടെ വീട്ടുകാർ നിഷേധിച്ചു. ബലാത്സംഗം നടന്നുവെന്നത് ഉറപ്പാണ്‌. കായിക താരമായതിനാൽ ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ പെൺകുട്ടിയെ കീഴ്‌പ്പെടുത്താനാവില്ല. കൊലപാതകത്തിൽ ഒന്നിലധികം പ്രതികളുണ്ട്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യുവതിയുടെ സഹോദരി ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News