പെഗാസസ്; ഉരുണ്ടുകളിച്ച് കേന്ദ്രം; മോദി സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. വിഷയത്തില്‍ അധിക സത്യവാങ്മൂലമില്ലെന്നും വിഷയം ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതെന്നും പറഞ്ഞ് കേന്ദ്രം കൈകഴുകിയപ്പോള്‍ ദേശ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി തിരിച്ചടിച്ചു.

ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ കേന്ദ്രത്തിനെതിരായ വിമര്‍ശനം.

പെഗാസസ് ഉപയോഗിച്ചുവോ എന്ന് പറയാനാകില്ല. ഇവ സത്യവാങ്മൂലം നല്‍കി ചര്‍ച്ചയാക്കാനില്ലെന്നും കേന്ദ്രം ന്യായീകരിച്ചു. എന്നാല്‍, വിവരങ്ങള്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ മറുപടി വേണമെന്നും പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

രാജ്യത്തെ പൗരന്മാരാണ് അവകാശ ലംഘനം ഉയർത്തിക്കാണിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാൻ ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ചോ എന്നതാണ് വിഷയം. അധിക സത്യവാങ്മൂലം നല്‍കാൻ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കേണ്ടി വരുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. അടുത്ത നടപടി സുപ്രീംകോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.

കോടതിയോട് പോലും സത്യം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 120 പേരുടെ ഫോണ്‍ വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അറിയാതെയാണ് ഇത്തരം സംഭവങ്ങള്‍ എങ്കില്‍ എന്‍എസ്ഒയ്ക്ക് എതിരെ എന്തെങ്കിലും നടപടി എടുത്തോയെന്നും സിബല്‍ ചോദിച്ചു.

വസ്തുതകള്‍ വെളിപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ശ്യാം ദിവാന്‍ കോടതിയില്‍ വ്യക്തമാക്കി. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചത് പുറത്തുള്ള ഏജന്‍സികള്‍ ആണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കപ്പെടണം. അതല്ല കേന്ദ്രസര്‍ക്കാരാണ് ചോര്‍ത്തിയതെങ്കില്‍ ഭരണഘടനാ വിരുദ്ധമായ നടപടിയാണ് അതെന്നും അഡ്വക്കേറ്റ് ശ്യാം ദിവാന്‍ കോടതിയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here