ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ പ്ലേ ഓഫിൽ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ പ്ലേ ഓഫിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഐപിഎലിൽ കളിക്കുന്ന പത്തോളം ഇംഗ്ലണ്ട് താരങ്ങൾക്ക് പ്ലേ ഓഫ് മത്സരങ്ങൾ നഷ്ടമാവും.

ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ക്രിസ് വോക്സ്, ഡേവിഡ് മലാൻ, ജോസ് ബട്‌ലർ എന്നീ താരങ്ങൾ നേരത്തെ ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. ഇവരിൽ ജോഫ്ര പരുക്കേറ്റതിനാലും സ്റ്റോക്സ് മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേള എടുത്തതിനാലുമാണ് പിന്മാറിയത്.

പിന്നീട്, രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ജോസ് ബട്‌ലറും ഐപിഎലിൽ നിന്ന് മാറിനിൽക്കുകയാണെന്നറിയിച്ചു. എന്നാൽ, മൊയീൻ അലി, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഓയിൻ മോർഗ, ടോം കറൻ തുടങ്ങി നിരവധി താരങ്ങൾ ഐപിഎലിൽ കളിക്കുന്നുണ്ട്. ഇവരിൽ ആർസിബിയുടെ ജോർജ് ഗാർട്ടൺ മാത്രമാണ് ഇംഗ്ലണ്ടിൻ്റെ ടി-20 സ്ക്വാഡിൽ ഇല്ലാത്ത ലോകകപ്പ് താരം. അതുകൊണ്ട് തന്നെ ഗാർട്ടൺ ഒഴികെ ബാക്കി എല്ലാവരെയും ഇസിബി തിരിച്ചുവിളിക്കാൻ ഇടയുണ്ട്.

ഒക്ടോബർ 8നാണ് ഐപിഎൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുക. ടി-20 പരമ്പരക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുക ഒക്ടോബർ 9ന്. ഒക്ടോബർ 10 മുതൽ 15 വരെ ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ നടക്കും. 13, 14 തീയതികളിൽ ഇംഗ്ലണ്ട്-പാകിസ്താൻ ടി-20 മത്സരങ്ങൾ നടക്കും. അതുകൊണ്ടുള്ള ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പരമ്പരയിൽ പങ്കെടുക്കാനായി ഇസിബി താരങ്ങളെ തിരിച്ചുവിളിച്ചേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് ഐപിഎൽ സീസൺ പാതിയിൽ വച്ച് നിർത്തിയത്. ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News