ടെന്നീസിലെ നവ താരോദയങ്ങ‍ളെ പ്രശംസിച്ച് എം എ ബേബി

ടെന്നീസിലെ നവ താരോദയങ്ങ‍ളെ പ്രശംസിച്ച് എം എ ബേബി. വനിതാ സിംഗിൾസും പുരുഷ സിംഗിൾസും രണ്ട് പുതിയ ഗ്രാൻഡ്സ്ലാം ചാമ്പ്യന്മാരെയാണ് പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെഡറർ കവിതയാണ്. നദാൽ കരുത്താണ്. ജോക്കോവിച്ച് അപരാജിതത്വമാണ്, ഇത്തവണ അത് മെഡ്വെദേവിനു മുന്നിൽ വിലപ്പോയില്ലെങ്കിലും. ടെന്നീസിൽ പ്രതീക്ഷ നൽകുന്ന പുതിയ
തലമുറ മാറ്റം യുഎസ് ഓപ്പൺ ഫലം അടിവരയിടുന്നു. അതും പ്രധാനമാണെന്ന് എം എ ബേബി കുറിച്ചു.

” ടെന്നീസിലെ നവ താരോദയം
ഇന്നലെ പൂർത്തിയായ വനിതാ സിംഗിൾസും ഇന്ന് വെളുപ്പിന് അവസാനിച്ച പുരുഷ സിംഗിൾസും രണ്ട് പുതിയ ഗ്രാൻഡ്സ്ലാം ചാമ്പ്യന്മാരെ പരിചയപ്പെടുത്തി. പതിനെട്ടുകാരി ബ്രിട്ടീഷ് താരം എമ്മ റെഡുക്കാനുവും 25 വയസുകാരനായ റഷ്യൻ താരം ഡനിൽ മെഡ്വെദേവും. ആദ്യമായാണ് ഇവർ ഇരുവരും ഒരു ഗ്രാൻസ്ലാം കിരീടം നേടുന്നത് എന്ന സാമ്യം ഒഴിച്ചാൽ ഇരുവർക്കും അധികവും വ്യത്യാസങ്ങളാണ്.

യോഗ്യതാ മത്സരത്തിലൂടെ പ്രധാന മത്സരം കളിക്കാൻ യോഗ്യത നേടിയ എമ്മ നമ്മുടെ നാട്ടിലെ പ്ലസ്ടു പഠനം കഴിയുന്ന പ്രായമേ എത്തിയിട്ടുള്ളൂ. എതിരാളിയും 19 വയസ്സ് മാത്രം പ്രായമുള്ള കാനഡയുടെ ലെയ്‌ല ഫെർണാണ്ടസും ഒരുപിടി മികച്ച സീഡഡ് താരങ്ങളെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്.

എമ്മയാകട്ടെ മൂന്ന് റൗണ്ട് യോഗ്യതാ മത്സരങ്ങളും അതിനുശേഷമുള്ള ഏഴ് പ്രധാന മത്സരങ്ങളും ഒരു സെറ്റും വിട്ടുകൊടുക്കാതെ ജയിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു കൗമാരതാരം ഒരു ഗ്രാൻസ്ലാം കിരീടം നേടുന്നത് ആദ്യമായിട്ടാണ്. ഈ കൗമാരക്കാരുടേത് കൂടിയാണ് നമ്മുടെ മുന്നിൽവിടരുന്നപുതു ലോകം എന്നുറപ്പിക്കാം.
ടെന്നീസ് റെക്കോർഡ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഉറപ്പിച്ച് റാക്കറ്റ് ഏന്തിയ നൊവാക്ക് ദ്യോക്കോവിച്ചും മൂന്നാമത്തെ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന പുതിയ പ്രതീക്ഷയായ ഡനിൽ സെർഗെവിച്ച് മെഡ് വദേവ് എന്ന റഷ്യക്കാരനും തമ്മിലായിരുന്നു പുരുഷ സിംഗിൾസ് ഫൈനൽ.

2020ലെ എടിപി ഫൈനൽ മത്സരത്തിൽ, അന്ന് ലോക ഒന്നും രണ്ടും മൂന്നും താരങ്ങളായ ദ്യോക്കോവിച്ച്,നദാൽ, ഡൊമിനിക് തീം ( കഴിഞ്ഞവർഷത്തെ യുഎസ് ഓപ്പൺ ചാമ്പ്യൻ ) എന്നിവരെയെല്ലാം തോൽപ്പിച്ച് കിരീടം നേടിയ പ്രത്യേക റെക്കോർഡ് മെഡ് വദേവിനുണ്ട്. എന്നാൽ 2019 ലെ യുഎസ് ഓപ്പൺ ഫൈനലിലും ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ കലാശക്കളിയിലും യഥാക്രമം നാദാലിനോടും ദ്യോക്കോവിച്ചിനോടും ഈ റഷ്യക്കാരന് തോൽവിയടയേണ്ടി വന്നു.

എന്നാൽ ഒന്നിലും രണ്ടിലും പിഴച്ചാൽ മൂന്നിൽ വിജയശ്രീലാളിതനാകാമെന്ന് മെഡ് വദേവ് തെളിയിച്ചിരിക്കുന്നു. ( നേർവിപരീതമായ ഒരു ഗ്രാൻഡ്സ്ലാം ചരിത്രവും കൂട്ടത്തിൽ ഓർമിക്കാം. റോജർ ഫെഡററുടെ നാട്ടുകാരനായ സ്റ്റാൻ വാവ്റിങ്ക ആദ്യമായി ഏതെല്ലാം ഗ്രാൻസ്ലാം ഫൈനൽ കളിച്ചോ അവിടെയെല്ലാം വിജയകിരീടം ചൂടി, ഓസ്ട്രേലിയൻ, ഫ്രഞ്ച്,യുഎസ് ഓപ്പണുകൾ രണ്ടാമതൊന്നു ജയിച്ചിട്ടുമില്ല!)

ടെന്നീസ് ലോകം ഉറ്റുനോക്കിയ ദ്യോകോവിച്ച് മെഡ് വദേവ് കലാശപ്പോരാട്ടത്തിൽ ആരു ജയിച്ചാലും റിക്കോർഡ് ബുക്കിൽ വരുമെന്ന് ഉറപ്പായിരുന്നു. മെഡ് വദേവിന് ആദ്യ ഗ്രാൻസ്‌ലാം എന്നതുതന്നെ റെക്കോർഡ്. ദ്യോക്യോവിച്ചിന് അതല്ല, റെക്കോർഡുകളുടെ പരമ്പരയാണ്കാത്തിരുന്നത്. ഇതിഹാസതാരം റോഡ് ലേവറിനുശേഷം ഒരു കലണ്ടർ വർഷം നാലു ഗ്രാൻസ്ലാമുകളും സ്വന്തമാക്കിയ അസാമാന്യൻ എന്നതാണ് ഏറ്റവും മുഖ്യം. അതിനു സാക്ഷിയാകുവാൻ സാക്ഷാൽ റോഡ് ലേവർ തന്നെ എൺപത്തിമൂന്നാം വയസ്സിൽ കലാശപ്പോരാട്ടം കാണാനെത്തിയിരുന്നു.

പിന്നെ മുഖ്യമായ റെക്കോർഡ് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടനേട്ടം, ഇപ്പോൾ മൂന്നു മഹാരഥന്മാർ 20 വീതം ജയങ്ങളുമായി പങ്കിടുകയാണ് എന്ന സ്ഥിതി തിരുത്തി, റോജർ ഫെഡററിനെയും നദാലിനെയും പിന്നിലാക്കാം എന്ന സാധ്യതയായിരുന്നു ദ്യോക്കോവിച്ചിന് മുന്നിൽ. ഒളിമ്പിക്സ് വർഷം ആയതിനാൽ ഒളിമ്പിക്സ് സ്വർണം കൂടി നേടി ഗോൾഡൻ സ്ലാം എന്ന അസുലഭ നേട്ടവും സെർബിയൻ താരത്തിന്റെ ലക്ഷ്യമായിരുന്നു.

ടോക്കിയോ ഒളിമ്പിക്സ് സെമിഫൈനലിൽ യുവതാരം സ്വരേവ് തകർപ്പൻ സെർവുകളും മിന്നൽ നീക്കങ്ങളുമായി ആ സ്വപ്നം കെടുത്തിക്കളഞ്ഞു. എന്നാൽ യുഎസ് ഓപ്പണിൽ സൂക്ഷ്മമായ തയ്യാറെടുപ്പോടെ ഫൈനൽ വരെ മികച്ച ഫോമിലായിരുന്നു ജോക്കർ( അങ്ങനെയും ഒരു ഓമനപ്പേരുണ്ട് ഈ സെർബിയൻ പോരാളിക്ക്) .

കഴിഞ്ഞവർഷം യു എസ് ഓപ്പൺകിരീടം നേടിയ ഡൊമനിക് തീം, റഫേൽ നദാൽ, പരിക്കുമൂലം ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന റോജർ ഫെഡറർ തുടങ്ങി ചിലപ്രമുഖർ പലകാരണങ്ങളാൽ ഇത്തവണ മത്സരിക്കാനില്ല എന്ന സാഹചര്യവും ദ്യോക്കോവിച്ചിന് അനുകൂലമായിരുന്നു.

ആദ്യ ഒന്നുംരണ്ടും സെറ്റ് നഷ്ടപ്പെട്ടിട്ടും വിജയകരമായി തിരിച്ചുവരാനുള്ള ദ്യോക്കോവിച്ചിന്റെ ശേഷിയും ന്യൂയോർക്കിൽ പ്രകടമായിരുന്നു.
തന്റെ ഒളിമ്പിക്സ് സ്വർണമെഡൽ സ്വപ്നം തകർത്ത സ്വരേവിനോട് സെമിയിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോ പകരംവീട്ടി. എന്നാൽ ഫൈനലിൽ മെഡ് വദേവ് നന്നായി ഒരുങ്ങി തന്നെയാണ് വന്നത്.

തന്റെ ആറടി 6 ഇഞ്ച് നീളം പൂർണമായി ഉപയോഗപ്പെടുത്തി കളംനിറഞ്ഞു നീങ്ങി ഡെനിൽ മെഡ് വദേവ്. ഉശിരൻ പോരാട്ടം ഇരുവരും കാഴ്ചവച്ചെങ്കിലും സർവീസിൽ ഇരട്ട പിഴവുകളും സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ വന്നതും നിമിത്തം ഇതുവരെ കാണാത്ത ജോക്കോയെയാണ് ഇന്ന് വെളുപ്പിന് നാം ഫൈനലിൽ കണ്ടത്.

നേരിട്ടുള്ള സെറ്റുകൾക്ക് (6-4, 6-4, 6-4 ) എന്ന തോൽവി ആരും ജോക്കോവിൽ നിന്ന് പ്രതീക്ഷിച്ചില്ല. രണ്ടാം സെറ്റിൽ ക്രുദ്ധനായി റാക്കറ്റ് തറയിൽ അടിച്ചു നശിപ്പിച്ചതും, മൂന്നാം സെറ്റിൽ പിന്നിലായപ്പോൾ ഇടവേളയിൽ ടവ്വൽ കൊണ്ട് മുഖം പൊത്തി കരഞ്ഞതും മനസ്സു തകർന്ന ജോക്കോയുടെ സംഘർഷം വെളിവാക്കി.

അസാമാന്യ പോരാട്ടവീര്യവും മനോബലവും പ്രകടിപ്പിച്ചു പോന്ന ജോക്കോ ഒൻപതു വയസ്സ് ഇളപ്പമുള്ള മെഡ് വദേവിന്റെ യുവത്വത്തിനും നിശ്ചയദാർഢ്യത്തിനും കേളി മികവിനും മുന്നിൽ ഉത്തരമില്ലാതെ പതറിപ്പോയി. ഓരോ ദിവസവും രൂപപ്പെടുന്ന കളിയുടെ ജൈവ വികാസവും അത് കളിക്കാരിലുളവാക്കുന്ന സ്വാധീനവും തലച്ചോറും കയ്യും പ്രജ്ഞയും, കാണികളും തമ്മിലുള്ള ദൃശ്യാദൃശ്യ വിനിമയങ്ങളും ഒക്കെ സമ്മേളിച്ചാണ് കളിഫലം നിർണ്ണയിക്കുക.

ഇന്ന് പുതിയ താരോദയദിനമായിരുന്നു. യുഎസ് ഓപ്പൺ ഇത്തവണ ജോക്കോവിച്ച് ജയിച്ചിരുന്നെങ്കിൽ ആരാണ് ഗോട്ട് (GOAT : Greatest Of All Times) എന്നതിന് അന്ത്യവിധി ഉണ്ടാകുമായിരുന്നു എന്ന് ചിലർ പറയുന്നുണ്ട്. ഞാനതിനോട് യോജിക്കുന്നില്ല.

ഓരോ നിലയിൽ ഇവർ ഓരോരുത്തരും സുയി ജനറിസ് (Sui generis ) ആണ്. അവരിൽ ഒരാളെ അടർത്തിയെടുത്ത് മഹാമികവനാക്കേണ്ടതില്ല. ഫെഡറർ കവിതയാണ്. നദാൽ കരുത്താണ്. ജോക്കോവിച്ച് അപരാജിതത്വമാണ്, ഇത്തവണ അത് മെഡ്വെദേവിനു മുന്നിൽ വിലപ്പോയില്ലെങ്കിലും. ടെന്നീസിൽ പ്രതീക്ഷ നൽകുന്ന പുതിയ തലമുറ മാറ്റം യുഎസ് ഓപ്പൺ ഫലം അടിവരയിടുന്നു. അതും പ്രധാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here