വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി ; കോൺഗ്രസ് നേതാവ് പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയും പാലാ സ്വദേശിയുമായ പനയ്ക്കപ്പറമ്പിൽ പി.സി തോമസിനെ ഇടുക്കി – മുരിക്കാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി പി. സി തോമസിനെ മുരിക്കാശ്ശേരി എസ്. ഐ. എബി പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൈസൂരിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. പതിനാറാംകണ്ടം സ്വദേശി തൈക്കൂട്ടത്തിൽ ബിനു ജോർജിന്റെ പരാതിയെ തുടർന്ന് മുരിക്കാശ്ശേരി പൊലീസ് കഴിഞ്ഞ ഒരു മാസമായി ഇയാളെ കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു .

വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് 3 വർഷം മുൻപ് 5 ലക്ഷം രൂപ പരാതിക്കാരനായ ബിനു ജോർജിൽ നിന്നും ഇയാൾ വാങ്ങിയെങ്കിലും ജോലി ലഭിച്ചില്ല. ഒരു വർഷത്തിനു ശേഷം പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കാൻ കൂട്ടാക്കാതെ ഉപാധികൾ പറഞ്ഞ് ഇയാൾ ഒഴിവാകുകയായിരുന്നെന്ന് പരാതിക്കാരൻ ബിനു ജോർജ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ കേരളത്തിലും പുറത്തുമായി നിരവധി പേരിൽ നിന്നായി 5 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം.
ഉന്നത സ്വാധീനമുള്ള ഇയാൾക്കെതിരെ പരാതികൾ പലതുണ്ടായെങ്കിലും നടപടിയുണ്ടായില്ല.

സംഭവത്തിൽ പാലാ സ്വദേശിയായ വൈദികനും ഉൾപ്പെട്ടിട്ടുള്ളതായും പറയുന്നുണ്ട്. ഇടുക്കി ഡി.വൈ.എസ് പി ഇമ്മാനുവേൽ പോളിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർമാരായ നിർമ്മൽ ബോസ്, സജിൻ ലൂയീസ് എന്നിവരുടെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് സബ് ഇൻസ്പെക്ടർ എബി മാത്യുവും എ.എസ്.ഐ അനീഷും ചേർന്ന് പ്രതിയെ പിടികൂടി മുരിക്കാശ്ശേരിയിലെത്തിച്ചത്. കൊവിഡ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News