‘വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുന്നു: 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെ പി അനിൽകുമാർ

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക്.. കോൺഗ്രസ് നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനങ്ങളോടെയാണ് രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു സ്വീകരിച്ചത്.

“ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന.സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. സോണിയ ഗാന്ധിക്കും കെ സുധാകരനും രാജിക്കത്ത് നല്‍കി. ഇപ്പോഴത്തെ നേതൃത്വത്തിന്‍റേത് ഏകാധിപത്യ പ്രവണത. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്‍കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല.  വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുന്നു. സുധാകരന്‍ കെപിസിസി പിടിച്ചത് താലിബാന്‍  അഫ്‍ഗാനിസ്ഥാന്‍  പിടിച്ചെടുത്തത് പോലെ.

സോഷ്യല്‍മീഡിയയില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നിരന്തം തെറി വിളിക്കുന്നവരെ അന്വേഷിച്ചപ്പോള്‍ ആളെ കിട്ടി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ സുധാകരനാണ് ആദരിച്ചത്. കെഎസ് ബ്രിഗേഡ് എന്ന പേരില്‍. ആ സുധാകരനാണ് അച്ചടക്കത്തെക്കുറിച്ച് പറയുന്നത്. കൂലിക്ക് ആളെ വച്ച് നേതാക്കളെ അപമാനിക്കുന്നതിന് നേതൃതം കൊടുക്കുന്ന വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാള്‍ക്കൊപ്പം എങ്ങനെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റും.

കോണ്‍ഗ്രില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്നുണ്ട്. ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടി നീതി നിഷേധിച്ചപ്പോള്‍ സംഘപരിവാറുമായി സഖ്യം ചേരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ മനസുള്ളയാള്‍ പാര്‍ട്ടിയെ നയിച്ചാല്‍ നീതി ഉണ്ടാകില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് കെ.സി വേണുഗോപാലാണ്. എല്ലാം തന്റെ കൈയ്യില്‍ വരണമെന്ന് വാശിയാണ് കെ.സിയ്ക്ക്. പാര്‍ട്ടിയ്ക്ക് ഉണ്ടാകാന്‍ പോകുന്ന പരാജയ സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here