കോൺഗ്രസിന് ജനാധിപത്യമില്ല; ഒരാളെ എങ്ങനെ ചവിട്ടി പുറത്താക്കാം എന്നതിൽ പിഎച്ച്ഡി എടുക്കുന്നവരാണ് കോൺഗ്രസിനുള്ളിലുള്ളത്- കെ പി അനിൽകുമാർ

കോൺഗ്രസിൽ ജനാധിപത്യവും മതേതരത്വവുമില്ലെന്ന് കെ പി അനിൽകുമാർ കൈരളിന്യൂസിനോട്.കേരളത്തെ സംരക്ഷിച്ചുകൊണ്ട് പോകാൻ സാധിക്കുന്നത് ഇടതുപക്ഷത്തിനാണെന്നും ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് അത് സാധിക്കും എന്നുള്ളതു കൊണ്ടാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.

അനിൽകുമാറിന്റെ വാക്കുകൾ

”ഒരു കോൺഗ്രസുകാരനായി തന്നെ മരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ദൗർഭാഗ്യകരമെന്ന് പറയട്ടെ കോൺഗ്രസിനകത്ത് പുതുതായി വന്ന നേതൃത്വം തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആരെയും അംഗീകരിക്കില്ല. അംഗീകരിക്കാൻ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. ഈ പോക്കിലും പ്രവർത്തനശൈലിയിലും മാർഗരേഖയിലും വ്യക്തമായ അഭിപ്രായ വ്യത്യാസം ഉള്ളതുകൊണ്ടാണ് ഞാൻ പാർട്ടിയിൽ നിന്ന് രാജിവച്ചത്. അല്ലാതെ സ്ഥാനത്തിന് വേണ്ടി പാർട്ടിയിൽ നിന്നും രാജിവച്ച് പോന്നതല്ല.

കോൺഗ്രസിന് ജനാധിപത്യമില്ല, മതേതരത്വം ഇല്ല. ഉണ്ടെന്നൊക്കെ പറയാൻ വേണ്ടി മാത്രം പറയുമെങ്കിലും ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോയപ്പോഴാണ് വളരെ വേദനയോടു കൂടി ഞാൻ 43 വർഷത്തെ എൻറെ പ്രവർത്തനമേഖല ഉപേക്ഷിച്ചത്.

കേരളത്തെ സംരക്ഷിച്ചുകൊണ്ട് പോകാൻ സാധിക്കുന്നത് ഇടതുപക്ഷത്തിനാണ്. ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് അത് സാധിക്കും എന്നുള്ളത് കൊണ്ടാണ് ഞാൻ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നതും. ഞാൻ എകെജി സെൻററിൽ പോയി എൻറെ ആഗ്രഹം പ്രകടിപ്പിച്ചു. 3 പോളിറ്റ്ബ്യൂറോ അംഗങ്ങളും ഒരു സംസ്ഥാന സെക്രട്ടറി അംഗവും ഞാൻ പാർട്ടിയിലേക്ക് കടന്നു വരുന്നതിനെ സ്വാഗതം ചെയ്തു. എന്നെ സ്വീകരിച്ചു എന്നത് തന്നെ വളരെയധികം സന്തോഷം.

സിപിഎം പുറമെ നിന്ന് കാണുന്നപോലെയല്ല അതിനുള്ളിലേക്ക് കടന്നുചെല്ലുമ്പോൾ മനുഷ്യത്വമുള്ള ഒരുപാട് ആളുകളെ കാണുവാൻ സാധിക്കുന്നു .കൂടുതൽ ആത്മാഭിമാനത്തോട് കൂടി രാഷ്ട്രീയ പ്രവർത്തനം നടത്തുവാൻ സിപിഎമ്മിൽ എനിക്ക് സാധിക്കുമെന്നാണ് വിശ്വാസം

സത്യത്തിൽ സിപിഎമ്മെന്ന് പറയുന്ന പാർട്ടി പ്രവർത്തിക്കുന്നത് എല്ലാവരും ഒരുമിച്ചു കൂടി ഇരുന്ന് ആലോചിച്ചാണ്. കോൺഗ്രസിനകത്താണെങ്കിൽ പുതുതായി വരുന്ന ഒരാളെ എങ്ങനെ ചവിട്ടി പുറത്താക്കാം എന്നതിൽ പിഎച്ച്ഡി എടുക്കുന്നവരാണ്. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിരൂപമായി ഞാൻ ഞാൻ ഞാൻ എന്ന് പറയുന്ന പ്രതിപക്ഷ നേതാവ്, ഞാൻ ഞാൻ എന്ന് പറയുന്ന കെ പി സിസി അധ്യക്ഷൻ. കൂടിയാലോചനകൾ ഇല്ല. എല്ലാം ഞാൻ തീരുമാനിക്കും, ഞാൻ പറയും. നാളെമുതൽ കോൺഗ്രസ്പാർട്ടിയിൽ നിന്നും കൂടുതൽ ആളുകൾ പുറത്തുപോകുന്നത് നിങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News