കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകയും എണ്ണയ്ക്കാട് സമര പോരാളിയുമായിരുന്ന പി ജെ തങ്കമ്മ അന്തരിച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകയും എണ്ണയ്ക്കാട് സമര പോരാളിയുമായിരുന്ന പാലയ്ക്കാ മണ്ണില്‍ പി ജെ തങ്കമ്മ (87) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 8-നായിരുന്നു മരണം. ബുധനൂര്‍ പഞ്ചായത്തില്‍ എണ്ണയ്ക്കാട്ടില്‍ 1948-ല്‍ കുടികിടപ്പിനു വേണ്ടിയുള്ള സമരത്തില്‍ മുഖ്യപങ്ക് വഹിച്ച തങ്കമ്മയ്ക്ക്‌ പൊലീസ് മര്‍ദ്ദനവും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നു.

കര്‍ഷക തൊഴിലാളിയായ കാഞ്ഞിരവിളയില്‍ കുട്ടിയുടെ കൃഷിയിടവും കുടികിടപ്പും കൈയേറുന്നതിനുവേണ്ടി പ്രമാണിയായ ഗ്രാമത്തില്‍ കൊട്ടാരത്തില്‍ ജി ആര്‍ രാജരാജ വര്‍മ്മകോയി തമ്പുരാന്റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടകളും റിസര്‍വ് പൊലീസും അക്രമം അഴിച്ചുവിടുകയാണുണ്ടായത്.

ഇതിനെ നേരിടാന്‍ ആദ്യകാല നിയമസഭാ സ്പീക്കര്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി, ആര്‍ രാജേശേഖരന്‍ തമ്പി, കുറ്റിയില്‍ കൃഷ്ണപിള്ള, തങ്കമ്മയുടെ സഹോദരനായ പി ജെ മത്തായി, കുറ്റിയില്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തെ നേരിട്ടു. ഈ സമരത്തില്‍ ആവേശം ഉള്‍ക്കൊണ്ടും സമരത്തിൽ പങ്കെടുത്തും പി ജെ തങ്കമ്മ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.

രാധമ്മ തങ്കച്ചി, സുഭദ്രാമ്മ തങ്കച്ചി, ശാരദാമ്മ എന്നിവരോടൊപ്പം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും മഹിളകളെ സംഘടിപ്പിക്കുന്നതിനും പി ജെ തങ്കമ്മ മുഖ്യപങ്കാണ് വഹിച്ചത്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം, താലൂക്ക് കമ്മിറ്റി പാര്‍ടി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി പി ഐ എം എണ്ണയ്ക്കാട് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങൾ കാരണം മകനോടൊത്ത് മൈനാഗപ്പള്ളിയിലായിരുന്നു താമസം. സംസ്‌ക്കാരം വൈകിട്ട് 5ന് എണ്ണയ്ക്കാട് ഗ്രാമം വീട്ടുവളപ്പില്‍ നടന്നു. മകന്‍: ദേവരാജന്‍. മരുമകള്‍: സുജാത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News