യുപിയിലെ ഡെങ്കിപ്പനി വൈറസ് അപകടകാരി; രോഗം പടരുന്ന സാഹചര്യത്തിലും നടപടികളൊന്നുമില്ലാതെ യുപി സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലെ ഡെങ്കിപ്പനി വൈറസ് അപകടകാരിയായ വകഭേദമാണെന്ന് ഐസിഎംആര്‍. വൈറസ് ബാധിക്കുന്നവര്‍ക്ക് രക്തസ്രാവം സംഭവിക്കുന്നത് മരണത്തിനിടയാക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. യുപിയിലെ ഫിറോസാബാദില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 58 ആയി. ഗുരുതര രോഗം പകരുന്ന സാഹചര്യത്തിലും യുപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

ഉത്തര്‍പ്രദേശിലെ മധുര, ആഗ്ര, ഫിറോസാബാദ് എന്നിവിടങ്ങളില്‍ കുട്ടികളടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയത് ഡെങ്കിപ്പനി വൈറസിന്റെ ഡി2 വകഭേദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

രോഗം ബാധിക്കുന്നവര്‍ക്ക് പിന്നീട് രക്തസ്രാവം സംഭവിക്കുന്നതിലേക്ക് ഈ വകഭേദം നയിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഫിറോസാബാദില്‍ മാത്രം 58 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദിനേഷ് കുമാര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ മാത്രം 15 ദിവസത്തിനുള്ളില്‍ 11 കുട്ടികളാണ് മരിച്ചത്.

അതേ സമയം രോഗം പ്രതിരോധിക്കുന്നതിലും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിലും യുപി സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന ആരോപണവും ശക്തമാകുകയാണ്.

ഉത്തര്‍പ്രദേശില്‍ മൂന്നുമണിക്കൂറോളം ആശുപത്രി കിടക്കക്കായി വരാന്തയില്‍ കാത്തുനിന്ന അഞ്ചുവയസുകാരിയാ സാവന്യ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച് ചികിത്സ ലഭിക്കാതെ മരിച്ചതും. ആവശ്യമായ ചികിത്സ ലഭിക്കാത്തത്തിനെ തുടര്‍ന്ന് പതിനൊന്നുകാരിയായ വൈഷ്ണവി കുഷ്വാലയുടെ ചികിത്സയ്ക്കായി സഹോദരി നികിത ഉദ്യോഗസ്ഥരുടെ വാഹനത്തിനു മുന്നില്‍ എടുത്തുചാടി സഹായം അഭ്യര്‍ഥിച്ചിട്ടും ചികിത്സ വൈകിയതിനെ തുടര്‍ന്ന് വൈഷ്ണവി മരണപ്പെടുകയും ചെയ്ത സംഭവവും യുപി യിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ അഭാവം അവര്‍ ചൂണ്ടിക്കാട്ടുന്നതാണ്.

ഡെങ്കിയുടെ ഗുരുതര വകഭേദമാണ് ഫിറോസാബാദിലേതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News