ഹരിതയെ പിന്തുണച്ചവരെ പുറത്താക്കാനുള്ള നീക്കവുമായി ലീഗ്

ഹരിതയെ പിന്തുണച്ച എം എസ് എഫ് നേതാക്കളെ പുറത്താക്കാന്‍ മുസ്ലിം ലീഗ് നീക്കം. പി പി ഷൈജലിനെ അടക്കമുള്ള നേതാക്കളെ പുറത്താക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഷൈജല്‍ രംഗത്തെത്തിയിരുന്നു. ഫാത്തിമ തെഹ്ലിയെ ദേശീയ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ക്കെതിരെ ലീഗ് നടപടിയെടുക്കുന്നത്. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റാണ് പി പി ഷൈജല്‍.

ഹരിതയിലെ പുതിയ ഭാരവാഹികളെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചത് എം എസ് എഫ് നേതാക്കളുമായി കൂടിയാലോചന നടത്താതെയാണെന്ന് പി പി ഷൈജല്‍ മധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹരിത മുന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് നീതി ലഭിച്ചില്ലെന്നും പ്രശ്‌നത്തില്‍ ലീഗില്‍ രണ്ടഭിപ്രായമുണ്ടെന്നും ഷൈജല്‍ വ്യക്തമാക്കിയിരുന്നു.അഭിപ്രായ സ്വാതന്ത്ര്യം ലീഗില്‍ ഇല്ലെന്നും അതുള്ളവരെ വേട്ടയാടുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതികരണം ലീഗ് നേതൃത്വത്തെ പ്രകോപിച്ചിട്ടുണ്ട്.

ഷൈജലിനെതിരെ സംസ്ഥാനകമ്മിറ്റി നടപടിക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ ഹരിത വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചവരും നേതൃത്വത്തെ വിമര്‍ശിച്ചവരുമുള്‍പ്പെടെ നടപടി ഭീഷണിയിലാണ്. ഹരിതയിലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ രാജി വെച്ചിരുന്നു. കൂടുതല്‍ പേര്‍ രാജി നീക്കം ആരംഭിച്ചിട്ടുണ്ട്. ഫാത്തിമ തെഹ്ലിയെ ദേശീയ നേതൃത്വത്തില്‍ നിന്ന് നീക്കിയതിന് പിന്നാലെ കൂടുതല്‍ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഹരിത മുന്‍ സംസ്ഥാന ഭാരവാഹികളും പ്രശ്‌നത്തില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ എതിര്‍ക്കുന്നവരുടേയും തീരുമാനം. എം എസ് എഫ് നേതാക്കള്‍ പോലുമറിയാതെ ഹരിത ഭാരവാഹികളെ തീരുമാനിച്ചതില്‍ ലീഗിനെ പരസ്യമായി വെല്ലുവിളിക്കാനും സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കാനും വിമത വിഭാഗവും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News