നോര്‍വേയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേക്ക്

നോര്‍വേയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേക്ക്. ലേബര്‍ പാര്‍ട്ടി നേതാവ് ജോനാസ് ഗാര്‍ സ്റ്റോയര്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രിയാകും. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ലെഫ്റ്റ്, സെന്‍റര്‍ പാര്‍ട്ടി എന്നിവരും സര്‍ക്കാരിന്‍റെ ഭാഗമായേക്കും. എട്ട് വര്‍ഷമായി നോര്‍വേ ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ഇടതുപക്ഷവിജയം കനത്ത തിരിച്ചടിയാകും.

കാലാവസ്ഥാ വ്യതിയാനവും നോര്‍വേയുടെ പെട്രോളിയം ഭാവിയും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം നേടുന്നത് പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങളിന്മേല്‍ നടത്തിയ മികച്ച ഇടപെടലുകളില്‍ക്കൂടിയാണ്. കാര്‍ബണ്‍ പ്രതിസന്ധിയിലും ഹരിതോര്‍ജവിഷയത്തിലും ഏറ്റവും പുരോഗമനപരമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. രാജ്യത്തിതുവരെയായി കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍ സ്വീകരിച്ച പരിസ്ഥിതിക്കപകടകരമായ നയങ്ങളോട് പ്രതികൂലമായി ജനങ്ങള്‍ വോട്ടുചെയ്തു. കാര്‍ബണ്‍ മാലിന്യം വമിപ്പിക്കുന്ന അന്താരാഷ്ട്ര കുത്തകകള്‍ക്കെതിരെ ഇടതുപക്ഷം തുടരുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഈ വിജയം.

വോട്ടെണ്ണല്‍ നൂറ് ശതമാനത്തിലേക്കടുക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിയും സഖ്യകക്ഷികളായ സോഷ്യലിസ്റ്റ് ലെഫ്റ്റും സെന്‍റര്‍ പാര്‍ട്ടിയും ചേര്‍ന്ന് 169 സീറ്റുകളില്‍ നൂറും പിടിച്ചെടുത്ത് ക‍ഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയായ റെഡ് ഏ‍ഴില്‍ നിന്ന് എട്ടായി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഗ്രീന്‍ പാര്‍ട്ടിയും രണ്ടില്‍ നിന്ന് മൂന്ന് സീറ്റുകളിലേക്ക് വളര്‍ന്നു. എന്നാല്‍ പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗിന്‍റെ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി 36 സീറ്റുകളിലൊതുങ്ങി. ലേബര്‍ പാര്‍ട്ടി നേതാവ് ജോനാസ് ഗാര്‍ സ്റ്റോയര്‍ പുതിയ നോര്‍വീജിയന്‍ പ്രധാനമന്ത്രിയാകും. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജോനാസ് ഗാര്‍, 2005- 2013ല്‍ വിദേശമന്ത്രിയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് നാറ്റോ സെക്രട്ടറി ജനറലായപ്പോള്‍ പാര്‍ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു.

ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഐസ്ലാന്‍ഡ്, ഫിന്‍ലന്‍റ് എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന നോര്‍ഡിക് മോഡലിലേക്ക് നോര്‍വേ കൂടി എത്തുന്നതോടെ യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷസ്വാധീനം ശക്തിപ്പെടുമെന്നുറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel