പത്ത്‌ വർഷത്തോളം മറ്റാരുമറിയാതെ ഒറ്റമുറിയിൽ പ്രണയിച്ചു ജീവിച്ച റഹ്മാനും സജിതയ്ക്കും ഇനി പുതുലോകം

പത്ത്‌ വർഷത്തോളം മറ്റാരുമറിയാതെ ഒറ്റമുറിയിൽ പ്രണയിച്ചു ജീവിച്ച നെന്മാറ അയിലൂർ കാരക്കാട്ടു പറമ്പിലെ റഹ്‌മാനും സജിതയും വിവാഹിതരായി. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്‌തു. സജിതയുടെ വീട്ടുകാർ വിവാഹത്തിനെത്തിയിരുന്നു. റഹ്‌മാന്റെ വീട്ടുകാർ വിട്ടുനിന്നു. അവരുടെയും പിണക്കം മാറുമെന്ന പ്രതീക്ഷയിലാണ്‌ റഹ്‌മാനും സജിതയും.

അയൽവാസികളായ റഹ്‌മാനും സജിതയും പ്രണയത്തിനൊടുവിൽ 2010 ലാണ് ഒരുമിച്ച് താമസമാക്കിയത്. ഇലക്ട്രീഷ്യനും പെയിന്റിങ് തൊഴിലാളിയുമായ റഹ്‌മാൻ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ അറിയാതെ സജിതയെ താമസിപ്പിക്കുകയായിരുന്നു. 10 വർഷത്തിനു ശേഷമാണിത് പുറംലോകം അറിഞ്ഞത്. സ്വതന്ത്രമായി ജീവിക്കാൻ മാർച്ചിലാണ് ഇരുവരും നെന്മാറ വിത്തനശേരിക്ക്‌ സമീപം വാടക വീട്ടിൽ താമസം മാറ്റിയത്‌.

താമസം മാറിയ റഹ്‌മാനെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതിയും നൽകി. അന്വേഷണത്തിനിടെ റഹ്‌മാന്റെ സഹോദരൻ നെന്മാറയിൽ വച്ച് റഹ്‌മാനെ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വിത്തനശേരിയിൽ വാടക വീട്ടീൽ ഇരുവരും കഴിയുന്നത് കണ്ടെത്തുകയായിരുന്നു. പത്തുവർഷത്തെ ഒളിവു ജീവിതത്തിന്റെ കഥ അങ്ങനെയാണ്‌ പുറത്തുവന്നത്‌. സജിതയെ കാണാതായ അന്ന്‌ മുതൽ പൊലീസ്‌ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.

പ്രായ പൂർത്തിയായ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം താമസിക്കുന്നതെന്ന് മൊഴി നൽകിയതോടെ പൊലീസ് നടപടി അവസാനിപ്പിച്ചു. ഒന്നിച്ചു താമസിക്കുന്നെങ്കിലും നിയമപരമായി വിവാഹിതരല്ലാത്തതിനാലാണ് പുരോഗമന കലാസാഹത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വിവാഹത്തിന് ഒരുങ്ങിയത്‌. വിവാഹ വസ്ത്രവും സമ്മാനങ്ങളും സാഹിത്യസംഘം പ്രവർത്തകരാണ്‌ നൽകിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News