ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു; മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞ രീതിയില്‍ ഞങ്ങള്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ലെന്ന് ഹരിത നേതാക്കള്‍

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞ രീതിയിൽ ഞങ്ങൾ കോഴിക്കോട് അങ്ങാടിയിൽ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ലെന്ന് ഹരിത നേതാക്കൾ. ഞങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടായപ്പോഴാണ് അഞ്ചു പേജുള്ള പരാതി നൽകിയത്. പക്ഷെ അത് കേൾക്കാൻ പോലും തയ്യാറാവാതിരുന്നതിൽ വലിയ വിഷമമുണ്ടെന്ന് ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ കോഴിക്കോട് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ഒരു പെൺകുട്ടി എന്ന നിലയിൽ സഹിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കടന്ന് വന്നത്. പല തലത്തിലും നേതാക്കളുമായി അനൗദ്യോഗികമായും ഔദ്യോഗികമായും ചർച്ച നടത്തിയതാണ്. സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു. പക്ഷെ നീതി ലഭിച്ചില്ലെന്നും നജ്മ പറഞ്ഞു.

ഹരിതയുടെ പെൺകുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും അയാളുടെ കൈയിൽ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാൽ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്. ഇതിലാണ് നടപടി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ഞങ്ങൾ ചാടി കളിക്കുന്ന കുരങ്ങൻമാരല്ല ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാൻ. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനൽ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നജ്മ ചൂണ്ടിക്കാട്ടി.

പാർട്ടി മാറുന്നൂവെന്നൊക്കെ പറയുന്നത് ശരിയല്ല. ലീഗിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ പോരാടും. ആവശ്യമെങ്കിൽ പെൺകുട്ടികളുടെ പുതിയ പ്ലാറ്റ്‌ഫോമിനെ പറ്റി ചിന്തിക്കും. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന പി.എം.എ. സലാം മറുപടി പറയേണ്ടി വരുമെന്നും നജ്മ പറഞ്ഞു.

നവാസിനെ സംരക്ഷിക്കാൻ ഞങ്ങളെ ബലിയാടാക്കി. വ്യക്തികൾക്കെതിരേ പറഞ്ഞ പരാതി അങ്ങനെ തീർക്കാമായിരുന്നു. പക്ഷെ അത് പാർട്ടി എന്ന രീതിയിൽ കാണാനാണ് പലരും ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News