പൈതല്‍മല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കാൻ തീരുമാനം: ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതലയോഗം

പൈതല്‍മല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കാൻ തീരുമാനം: ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതലയോഗം

പൈതല്‍മല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് വിദഗ്ധ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വനം – ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഈ മാസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

ഇന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ആയിരുന്നു തീരുമാനം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉന്നതതലയോഗം. അടിയന്തര പ്രാധാന്യത്തോടെ ഈ ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കാനാണ് തീരുമാനം.

സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഒക്ടോബര്‍ മാസം ആദ്യപകുതിയില്‍ തന്നെ മന്ത്രിമാരുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഈ സര്‍ക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പിന് വഴിവെക്കുമെന്നും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും അഡ്വ.പി.എ.മുഹമ്മദ് റിയാസും യോഗത്തില്‍ പറഞ്ഞു. പൈതല്‍മല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇവിടെയില്ല എന്ന കാര്യം ശ്രീ. ജോണ്‍ബ്രിട്ടാസ് എം.പി യോഗത്തില്‍ ചൂണ്ടിക്കാണിച്ചു.

സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതല്‍മല നവീകരണം വനംവകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെ വികസിപ്പിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. പ്രവേശന സംവിധാനങ്ങള്‍, ട്രക്കിംഗ് പാത്ത് വേകള്‍, ശുചിമുറികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, ഇക്കോ ഷോപ്പുകള്‍, വാച്ച് ടവര്‍, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപൂക്കള്‍ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങള്‍ തയ്യാറാക്കല്‍, ബൈനോക്കുലര്‍ സംവിധാനം, ടൂറിസം റിസോര്‍ട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ ഏറ്റെടുത്ത് നടപ്പിലാക്കും.

കാരവാന്‍ പദ്ധതി, ടെന്റുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവ ഉള്‍പ്പെടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പദ്ധതികള്‍ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം രൂപരേഖ തയ്യാറാക്കാനും ധാരണയായി. കാഞ്ഞിരക്കൊല്ലിയുടെ വികസന സാധ്യതകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും വനംവകുപ്പ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതാണ്. പാലക്കയംതട്ടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.

പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റൈന്‍ ഹട്ടുകള്‍, കേബിള്‍ കാര്‍ പദ്ധതി, പ്രവര്‍ത്തനരഹിതമായ സോളാര്‍ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിര്‍മാണം, ശുചിമുറികള്‍, ടവറുകള്‍, അതിര്‍ത്തി നിര്‍ണയിച്ച് സുരക്ഷാ വേലി സ്ഥാപിക്കല്‍, ഹട്ടുകള്‍, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴല്‍കിണര്‍ നിര്‍മാണം, നടപ്പാത നിര്‍മാണം, പോലീസ് എയ്ഡ് പോസ്റ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണം സംബന്ധിച്ചും യുദ്ധ കാലാടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനങ്ങളെടുത്ത് നടപ്പാക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പാലക്കയംതട്ടിലെ സര്‍ക്കാര്‍ഭൂമി കൈയ്യേറിയത് സംബന്ധിച്ചുള്ള പരാതികള്‍ അടിയന്തരമായി അന്വേഷിക്കണം എന്ന നിര്‍ദ്ദേശവും ഉണ്ടായി.

വിനോദ്കുമാര്‍.ഡി.കെ (ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), അരുണ്‍.ആര്‍.എസ് (ഡയറക്ടര്‍, ഇക്കോ ടൂറിസം), ഇ.സഹീദ് (ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി), കെ.രൂപേഷ്‌കുമാര്‍ (സ്റ്റേറ്റ് റോസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍), .അനില്‍ജോസ്.ജെ (കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ), ടി.വി.പത്മകുമാര്‍ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി), .രാജേഷ്.ജി.ആര്‍ (വനം-വന്യജീവി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി), പ്രശാന്ത്.ടി.വി (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍), സന്തോഷ് ലാല്‍.എ.ആര്‍ (ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍), രാജീവ് കാരിയില്‍ (ടൂറിസം വകുപ്പ് പ്ലാനിംഗ് ഓഫീസര്‍) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News