കൊവിഡ്; ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നു: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡില്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് നമ്മള്‍ എത്തുകയാണെന്നും കൊവിഡ് അവലോകനയോഗം ശനിയാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിപ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപയില്‍ ഇന്‍ക്യൂബന്‍ കാലവധിയായ 14 ദിവസം കഴിഞ്ഞതിനാല്‍ കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ചാത്തമംഗലത്തെ ഒന്‍പതാം വാര്‍ഡ് കണ്ടെയ്ന്‍മെന്റായി തുടരും. രോഗലക്ഷണമുള്ളവര്‍ വീടുകളില്‍ കഴിയണമെന്ന് നിര്‍ദേശിച്ചു. ഇവിടെ കൊവിഡ് വാക്‌സീനേഷന്‍ പുനരാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് വാക്‌സീനേഷനില്‍ ഒരു നിര്‍ണായക ഘട്ടം നാം കടന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ നിർണായക ഘട്ടം പിന്നിടുകയാണ്. 80.17 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേർക്ക് രണ്ട് ഡോസ് വാക്സീനും നൽകാനായി. കൊവിഡിനെതിരായ പ്രതിരോധത്തിൽ പ്രധാനം വാക്സീനേഷനാണ്. 80 ശതമാനം കവിഞ്ഞു എന്നത് വളരെ പ്രധാനമാണ്.

സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകൾ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടിപിആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയർ സെൻ്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളിൽ രണ്ട് ശതമാനത്തിന് മാത്രമേ ഓക്സിജൻ ബെഡുകൾ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐസിയുവിൽ ആയുള്ളൂ.

18 വയസ്സായ എല്ലാവർക്കും ഈ മാസം ആദ്യഡോസ് നൽകാനായാൽ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്സീനേഷനും പൂ‍ർത്തിയാക്കാനാവും എന്നാണ് കരുതുന്നത്. രോഗം ബാധിച്ച ശേഷം ആശുപത്രിയിൽ വൈകിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാവുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം മുപ്പത് ശതമാനമായി കൂടി. ആഗസ്റ്റിൽ അത് 22 ശതമാനമായിരുന്നു. കൊവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായധിക്യവും അനുബന്ധരോഗങ്ങളും ഉള്ളവരാണ്.തക്ക സമയത്ത് ചികിത്സ തേടിയാൽ വലിയൊരളവ് മരണസാധ്യത ഒഴിവാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News