‘അതൊക്കെ നിങ്ങളുടെ ചില വിദ്യകളല്ലേ’ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചിരിയോടെ മുഖ്യമന്ത്രി

‘അതൊക്കെ നിങ്ങളുടെ ചില വിദ്യകളല്ലേ’ എന്ന് മാധ്യമപ്രവര്‍ത്തകനോട് ചിരിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ഭീകരവാദികളെ പേടിച്ചിട്ടാണോ അവരെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചിരിയോടുള്ള മറു ചോദ്യം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന് മുഖ്യമന്ത്രി കേട്ടിട്ടില്ലേയെന്നും ചോദ്യമുണ്ടായിരുന്നു, നാര്‍ക്കോട്ടിക് എന്ന് നമ്മള്‍ കേള്‍ക്കാതെയില്ല. പക്ഷെ എനിക്ക് അന്നും ഇന്നും പറയാനുള്ളത് സമൂഹത്തില്‍ നല്ല രീതിയിലുള്ള യോജിപ്പ് ഉയര്‍ത്തി കൊണ്ട് വരിക എന്നുള്ളതാണ് നമ്മള്‍ സ്വീകരിക്കേണ്ട നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഫിയയെ മാഫിയയായി കാണണം, അതിന് മതചിഹ്നം നല്‍കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് തീരുമാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത തകര്‍ക്കാന്‍ ആരും തുനിയരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദായത്തിന്റെ ഉന്നമനത്തിനായി അവര്‍ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം.

പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയില്ല. ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here