കൊവിഡ് പ്രതിസന്ധിക്കിടയിലും നൂറുദിന പരിപാടി മികച്ച രീതിയില്‍ മുന്നോട്ട്: മുഖ്യമന്ത്രി

സർക്കാരിന്റെ നൂറുദിന പരിപാടി കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളിൽ 4962 പ്രവൃത്തികൾക്ക് സാങ്കേതികാനുമതിയും നൽകി. 4819 പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികൾക്കാണ് കരാർ ഉടമ്പടി വെച്ചിട്ടുള്ളത്.

നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 92 പുതിയ സ്കൂൾ കെട്ടിടങ്ങളുടെയും 48 സ്‌കൂൾ ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം കഴിഞ്ഞദിവസം നിർവ്വഹിച്ചു. അതോടൊപ്പം 107 പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പുതുതായി നിർമ്മാണം പൂർത്തിയാക്കിയവയിൽ കിഫ്ബിയുടെ 5 കോടി രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച 11 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 23 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 58 കെട്ടിടങ്ങൾ പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ വിനിയോഗിച്ചു പണിതവയാണ്. അങ്ങനെ 214 കോടിയോളം രൂപയാണ് മൊത്തം ചെലവഴിച്ചിരിക്കുന്നത്.

വിദ്യാലയങ്ങൾ തുറക്കുമ്പോൾ മികച്ച സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുങ്ങുകയാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നമ്മുടെ സമൂഹത്തിന്റെ പിന്തുണ എല്ലാവരും ഉറപ്പിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

100ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13,534 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. ആദ്യം 12000 പേർക്കാണ് പട്ടയം നൽകാൻ തീരുമാനിച്ചത്. എന്നാൽ, സാങ്കേതികത്വങ്ങൾ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേർക്ക് പട്ടയം നൽകാൻ സാധിച്ചു.

പാർപ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എൽഡിഎഫിന്റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പട്ടയം നൽകിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയിൽ വിതരണം ചെയ്തത്. അത് റെക്കോർഡായിരുന്നു.

ഈ സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്നതാണ്. നൂറുദിന പരിപാടിയുടെ റിവ്യൂ നടന്നിരുന്നു. 75,000 പേർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ചതിൽ 68,195 പേർക്ക് നൽകി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News