ഇന്ന് ഓസോൺ ദിനം

ഇന്ന് ഓസോൺ ദിനമാണ്. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയായി ഓസോണ്‍പാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവാസവും കൂടിയാണിന്ന്.

എന്താണീ ഓസോൺ? ഭൂമിയിൽനിന്ന് 20 മുതൽ 35 കിലോമീറ്റർ വരെ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണിതെന്നു പറയാം. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ തന്മാത്ര (O3) ഉണ്ടാകുന്നത്. ജീവികൾക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികൾ സൂര്യനിൽനിന്നു പുറപ്പെടുന്നുണ്ട്.

ഏറ്റവും പ്രധാനം അൾട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികൾ പൂർണതോതിൽ ഭൂമിയിലെത്തിയാൽ ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. സൂര്യനിൽനിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽവച്ചുതന്നെ തടയുകയാണ് ഓസോൺപാളി ചെയ്യുന്നത്.

ഓസോണ്‍ ശോഷണം ബോധ്യപ്പെടുകയും അതിന്റെ അപകടം തിരിച്ചറിയുകയും ചെയ്തതോടെ 1987 സെപ്റ്റംബര്‍ 16 ന് കാനഡയിലെ മോണ്‍ട്രിയലില്‍വെച്ച് 24 ലോകരാഷ്ട്രങ്ങുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഓസോണ്‍ പാളിക്ക് ദോഷംചെയ്യുന്ന രാസവസ്തുക്കളുടെ ഉത്പാദനം പടിപടിയായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ഉടമ്പടിയായിരുന്നു അത്.

മോണ്‍ട്രിയല്‍ ഉടമ്പടി എന്നാണത് അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍മയ്ക്കാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഉടമ്പടി 1987-ല്‍ നിലവില്‍വന്നെങ്കിലും 1994-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷം 1995 മുതല്‍ക്കാണ് ലോകവ്യാപകമായി ഓസോണ്‍ദിനം ആചരിച്ചുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here