ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയം; യുപിയിൽ ഡി2 വൈറസ് വകഭേദം

കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയിൽ രാജ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഡെങ്കിപ്പനിയുടെ ഡി2 വൈറസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു. ഉത്തർപ്രദേശിലെ മധുര, ആഗ്ര, ഫിറോസാബാദ് ജില്ലകളിലാണ് ഡെങ്കിപ്പനിയുടെ തീവ്രസ്വഭാവമുള്ള ഡി2 വകഭേദം കണ്ടെത്തിയത്.

കൊതുകുനശീകരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഫിറോസാബാദിലുൾപ്പെടെ മരണ നിരക്ക് കൂടാൻ കാരണം ഡി2 വകഭേദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. 88 കുട്ടികളാണ് ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 465 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. യുപി പ്രയാഗ് രാജിൽ 97 ഡെങ്കി കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 150 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്.

മധ്യപ്രദേശിലെ ഇൻഡോറിൽ 139 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ പൽവാൾ ജില്ലകയിൽ ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങളോടെ നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ പരീക്ഷണത്തിനായി അയച്ചിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ഡെങ്കിപ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here