ബഹിരാകാശത്ത് പുതു ചരിത്രം; സ്പേസ് എക്സിന്‍റെ ‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം

സ്പേസ് എക്സിൻറെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇൻസ്പിരേഷൻ 4’ന് തുടക്കമായി. ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാലുപേരെയും ബഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നിന്നും സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സ്യൂൾ ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്പേസ് എക്സിൻറെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ ക്യാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്.

വെർജിൻ മേധാവി റിച്ചാർഡ് ബ്രാൻസൻ, ആമസോൺ മേധാവി ജെഫ് ബെസോസ് എന്നിവർ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു ‘മാസ്’ എൻട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് നടത്തുന്നത്. വെറുതെ മിനുട്ടുകൾ എടുത്ത് ബഹിരാകാശം തൊട്ട് വരുക എന്നതല്ല ‘ഇൻസ്പിരേഷൻ 4’ സംഘത്തിൻറെ ലക്ഷ്യം മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികർ സഞ്ചരിച്ച ഡ്രാഗൺ ഫ്ലോറിഡ തീരത്തിനടുത്ത് അത്ലാറ്റിക്ക് സമുദ്രത്തിൽ പതിക്കുമെന്നാണ് കരുതുന്നത്.

ഹോളിവുഡിലെ സൂപ്പർഹീറോ ചിത്രം ‘ഫെൻറാസ്റ്റിക്ക് 4നെ’ അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് ‘ഇൻസ്പിരേഷൻ 4’ എന്ന പേര് സ്പേസ് എക്സ് നൽകിയത്. അതേ സമയം അതീവ ബഹിരാകാശ പരിശീലനമൊന്നും ലഭിക്കാത്തെ ആറുമാസം മുൻപ് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇപ്പോൾ ബഹിരാകാശത്തേക്ക് കുതിച്ച നാലുപേർ എന്നതാണ് ഈ ദൗത്യത്തിൻറെ പ്രത്യേകത.

നേരത്തെ ബെസോസും, റിച്ചാർഡും തങ്ങളുടെ ‘ബഹിരാകാശ ടൂറിസം’ പദ്ധതിയിൽ ആദ്യ യാത്രക്കാർ ആയപ്പോൾ. അതിന് മസ്ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്പേസ് എക്സ് ചെയ്യുന്നത്. ‘ഇൻസ്പിരേഷൻ 4’ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരൻ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.

മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. ക്യാൻസറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇവരുടെ കാലിലെ ഒരു എല്ല് ക്യാൻസർ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവർ ജീവിക്കുന്നത്. ഇത്തരത്തിൽ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി.

അമ്പത്തിയൊന്നുകാരിയായ സിയാൻ പ്രൊക്റ്റർ, യുഎസ് വ്യോമസേന മുൻ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവർ. ദൗത്യസംഘത്തിലെ ഹെയ്ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കൻ ഡോളർ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവർ തിരിച്ചുവന്ന് ഇവർ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കൾ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News