‘സല്യൂട്ട് എനിക്ക് വേണം; നിങ്ങളതെനിക്ക് തരണം’; അങ്ങനെ ചോദിക്കുന്നവർക്ക് കൊടുക്കാൻ പറ്റുമോ പൊലീസിന്‍റെ സല്യൂട്ട്?

താൻ എം പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും പറഞ്ഞ് സുരേഷ് ഗോപി എം പി ഒല്ലൂര്‍ എസ്ഐയെ പൊലീസ് ജീപ്പില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത് വിവാദമായിരിക്കുകയാണ്. പ്രോട്ടോകോള്‍ പ്രകാരം ഒരു എംപിക്ക് പൊലീസ് സല്യൂട്ട് അടിക്കേണ്ടതുണ്ടോ എന്ന ചോദ്യം പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
പുത്തൂരിൽ കാറ്റു മൂലം നാശനഷ്ടമുണ്ടായ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോഴാണ് സുരേഷ് ഗോപി ഒല്ലൂർ എസ്.ഐയോട് സല്യൂട്ട് ചോദിച്ച് വാങ്ങിയത്. താൻ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും സുരേഷ് ഗോപി ഒല്ലൂർ എസ്.ഐയോട് പറഞ്ഞു

പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംപിക്കും എംഎല്‍എക്കും പൊലീസ് സല്യൂട്ടടിക്കേണ്ടതില്ല. ‘ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’- എന്നാണ് സല്യൂട്ട് എന്ന വാക്കിന്റെ അര്‍ഥം.

ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്‍പ്പമൊന്ന് ഉയര്‍ത്തിയാണ് ആദരവ് പ്രകടിപ്പിച്ചിരുന്നത്. ഇത് പരിഷ്കരിച്ചാണ് ഇന്നത്തെ സല്യൂട്ടില്‍ എത്തിചേര്‍ന്നത്. പൊലീസ് സ്റ്റാന്‍റിങ് ഓര്‍ഡര്‍ പ്രകാരം എം.എല്‍.എ, എംപി, മേയര്‍, ചീഫ് സെക്രട്ടറി എന്നിവരൊന്നും പൊലീസിന്‍റെ സല്യൂട്ടിന് അര്‍ഹരല്ല.

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലിൽ പറയുന്നതിങ്ങനെ:

∙ ദേശീയപതാക, വിവിധ സേനകളുടെ പതാക
∙ മൃതശരീരം
∙ രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവർണർ
∙ മുഖ്യമന്ത്രി, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ
∙ യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
∙ മേലുദ്യോഗസ്ഥർ
∙ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികൾ, എസ്പിമാർ
∙ യൂണിറ്റുകളുടെ കമൻഡൻറുമാർ
∙ ജില്ലാ കലക്ടർ
∙ സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
∙ സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
(ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളുമുണ്ട്).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here