സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍; കണക്കുകള്‍ പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. രാജ്യത്തെ 19 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടായിരത്തി പതിനെട്ട് മുതല്‍ രണ്ടായിരത്തി ഇരുപത് വരെയുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരം ദില്ലി ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഈ പ്രചാരണം പ്രധാനമന്ത്രിയും പല തവണ നടത്തിയത് ആണ്. ഇതിന് പിന്നാലെ ആണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലെ തലസ്ഥാന നഗരമായ ലക്‌നൗവിലാണ് എന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 19 നഗരങ്ങളിലെ 2018 മുതല്‍ 2020 വരെയുള്ള കാലയളവിലെ കണക്കുകള്‍ ആണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

190.7% ആണ് ലക്‌നൗവില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ നിരക്ക്. അതിക്രമങ്ങളില്‍ നിയമ നടപടി സ്വീകരിക്കുന്ന നിരക്കിലും ലക്‌നൗ പിന്നിലാണ്. 72% സംഭവങ്ങളില്‍ മാത്രമേ നിയമ നടപടികള്‍ സ്വീകരിക്കുന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള നഗരങ്ങളായ കൊച്ചി, കോഴിക്കോട് എന്നിവ ഉള്‍പ്പടെ 7 നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 90%ല് അധികവും നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നുണ്ട്.

കോഴിക്കോട് 92.5%വും കൊച്ചിയില്‍ 90.8%വും ആണ് നിരക്ക്. അത് കൊണ്ട് തന്നെ രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറ്റവും കുറവ് നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ആണ് കോഴിക്കോടും കൊച്ചിയും ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ലക്‌നൗ കഴിഞ്ഞാല്‍ ജയ്പൂര്‍, ഇന്‍ഡോര്‍, ദില്ലി എന്നീ നഗരങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

അതിക്രമങ്ങള്‍ക്ക് എതിരായി നിയമ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഏറ്റവും പിന്നിലുള്ള നഗരങ്ങള്‍ രാജസ്ഥാന്‍, നാഗ്പൂര്‍, ലക്‌നൗ എന്നിവയാണ്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത് ദില്ലിയിലാണ്. മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ലക്‌നൗ എന്നിവയാണ് തൊട്ട് പിന്നിലുള്ള നഗരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here