‘ആസാദി കാ അമൃത് മഹോത്സവ്’ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.

ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ പരിപോഷണ പ്രവർത്തനങ്ങൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിന്റെ ഭാഗമായി 75000 ഹെക്ടർ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുവാനും 75 ലക്ഷം ഔഷധസസ്യങ്ങൾ വീടുകളിൽ നട്ടു വളർത്തുവാനും അതുവഴി ഔഷധസസ്യങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 750 ഹെക്ടർ സ്ഥലത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന്റെ ഔഷധസസ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഔഷധസസ്യകൃഷി വ്യാപിപ്പിക്കുവാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗുണനിലവാരമുള്ള ഔഷധങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും ഒപ്പം സംസ്ഥാനത്തിന്റെ ഔഷധസസ്യ സംരക്ഷണം ഉറപ്പ് വരുത്തുവാനും ഇത് സഹായകരമാകും.

ഔഷധസസ്യ കൃഷിയുടെ പ്രാധാന്യം, അനിവാര്യത, സംരക്ഷണം, ഉപയോഗം, വിപണനം, ഗവേഷണം, കൃഷി പ്രോത്സാഹനം, പരിപോഷണ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ, ഏജൻസികൾ, കർഷകർ എന്നിവർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിലൂടെ ഔഷധസസ്യങ്ങളുടെ പരിപോഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ ഔഷധ സമ്പത്ത് വർദ്ധിപ്പിക്കുവാനുമാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here