വിപ്ലവകാരികൾക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചർ; മുഖ്യമന്ത്രി

മീനാക്ഷി ടീച്ചറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പുതിയ പല തലമുറകളിലെ വിപ്ലകാരികള്‍ക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചറെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ധീരതയുടെ പ്രചോദന കേന്ദ്രമായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേത്.

നിഷ്ഠുരമായി വധിക്കപ്പെട്ട സഖാവ് അഴീക്കോടന്‍ രാഘവന്‍റെ ജീവിത സഖിയായിരുന്നുകൊണ്ട് അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ആ രക്തസാക്ഷി സ്മരണയില്‍ പൂര്‍ണമായും സ്വയം അര്‍പ്പിച്ച് സി.പി.ഐ.എമ്മിന്‍റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജിവിതത്തിന്‍റെ രണ്ടാം ഘട്ടം. ഈ ഘട്ടങ്ങളില്‍ ഉടനീളം ഈ നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പാര്‍ട്ടിയുടെ എല്ലാ പോരാട്ടങ്ങള്‍ക്കുമൊപ്പം അവര്‍ നിലകൊണ്ടു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ മാര്‍ഗ നിര്‍ദ്ദേശകമാംവിധം ഇടപെട്ടു.

സാധാരണ ആരും അന്ധാളിച്ചു നിന്നുപോകുന്ന ഘട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് ധീരത മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കണം എന്നതിന് സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുകയാണ് മീനാക്ഷി ടീച്ചര്‍ ചെയ്തത്. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനാകെ എല്ലാ കാലത്തേക്കുമുള്ള വലിയ പാഠമാണ്.

വ്യക്തിപരമായി ടീച്ചറുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് കനത്ത നഷ്ടമാണ്. രാഷ്ട്രീയമായും അത് അപരിഹാര്യമായ നഷ്ടമാണ്. മുതിര്‍ന്ന ഒരു കുടുംബാംഗം വിട്ടുപോയതിന്‍റെ ദുഃഖമാണ് അനുഭവിക്കുന്നത്. സി.പി.ഐ.എമ്മിലെ മിക്കവാറും എല്ലാവര്‍ക്കും തന്നെ സമാനമായ നിലയിലുള്ള ദുഃഖമായിരിക്കും ഉണ്ടാവുക.

പ്രചോദനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ നിറഞ്ഞതായിരുന്നു മീനാക്ഷി ടീച്ചറുടെ ജീവിതം. അത് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഉള്‍ക്കൊള്ളുക എന്നതാണ് അവര്‍ക്കു നല്‍കാവുന്ന വലിയ ആദരാജ്ഞലി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News