പുനര്‍ഗേഹം പദ്ധതി; വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. പുനര്‍ഗേഹം പദ്ധതിയില്‍ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോല്‍ നല്‍കലും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

തീരമേഖലയില്‍ വേലിയേറ്റ മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശം ആണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. പൊന്നാനിയിലും തിരുവനന്തപുരം ബീമാപള്ളിയിലുമാണ് ഫ്്ളാറ്റുകള്‍ നിര്‍മിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 7716 പേര്‍ മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ നിന്നും അര്‍ഹരായ ആളുകളെ നറുക്കിട്ടെടുത്താണ് വീടുകളും ഫ്‌ലാറ്റുകളും കൈമാറിയത്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായിട്ടാണ് ഭവനങ്ങള്‍ പൂര്‍ത്തികരിച്ചത്. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പൊന്നാനിയില്‍ നടന്ന ചടങ്ങില്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു.

തിരുവനന്തപുരത്ത് 72 ഉം കൊല്ലത്ത് 53 ഉം ആലപ്പുഴയില്‍ 68 ഉം എറണാകുളത്ത് 12 ഉം ,തൃശൂരില്‍ 50 ഉം മലപ്പുറത്ത് 21 ഉം കോഴിക്കോട് 14 ഉം കണ്ണൂരില്‍ 18 ഉം വീടുകളാണ് ഗൃഹപ്രവേശനത്തിന് തയ്യാറായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള 1,398 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടി രൂപയുമുള്‍പ്പെടെ 2,450 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് വീട് ലഭിച്ചവര്‍ പറഞ്ഞു

തിരുവനന്തപുരം ജില്ലയിലെ കാരോട് മന്ത്രി വി.ശിവന്‍കുട്ടി, ബീമാപ്പള്ളിയില്‍ മന്ത്രി ആന്റണി രാജു, റോഷി അഗസ്റ്റിന്‍, അഞ്ചുതെങ്ങില്‍ അഡ്വക്കേറ്റ് ജി.ആര്‍.അനില്‍, ചവറയില്‍ ജെ. ചിഞ്ചുറാണി, അമ്പലപ്പുഴയില്‍ .വി. എന്‍. വാസവന്‍, എറണാകുളം വൈപ്പിനില്‍ മന്ത്രി പി.രാജീവ്, തൃശൂര്‍ കയ്പമംഗലത്ത് .കെ രാജന്‍, കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസ് എന്നിവര്‍ വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here