ചന്ദ്രിക കള്ളപ്പണക്കേസ്; മുഈൻ അലി തങ്ങൾ ഇ ഡിയ്ക്ക് മുമ്പാകെ ഹാജരായില്ല

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ട് വ‍ഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ, മുഈൻ അലി തങ്ങൾ ഇ ഡിയ്ക്ക് മുമ്പാകെ ഹാജരായില്ല. പിതാവ് ഹൈദരലി ശിഹാബ് തങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് മുഈൻ അലി ഇ ഡി യെ അറിയിച്ചു. ചന്ദ്രികയുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി നേരത്തെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മൊഴിയെടുക്കുന്നതിനായി രാവിലെ 11 മണിയോടെ ഇ ഡി ഓഫീസിൽ എത്താനായിരുന്നു മുഈൻ അലിയ്ക്ക് ലഭിച്ചിരുന്ന നിർദേശം. എന്നാൽ തൻ്റെ പിതാവ് ഹൈദരലി ശിഹാബ് തങ്ങളുടെ ചികിത്സാ സംബന്ധമായ അടിയന്തര ആവശ്യങ്ങളുള്ളതിനാൽ ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് മുഈൻ അലി ഇ ഡി യെ ഈ മെയിൽ മുഖാന്തരം അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മുഈൻ അലിയോട് മറ്റൊരു ദിവസം ഹാജരാകാൻ നിർദ്ദേശിച്ച് ഇ ഡി വീണ്ടും നോട്ടീസ് അയയ്ക്കും.

കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മുഈന്‍ അലിയെയും ഇ ഡി വിളപ്പിച്ചത് മുസ്ലീം ലീഗിനെ ആശങ്കയിലാക്കിയിരുന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മുഈന്‍ അലി, ഇ ഡിയോട് എന്തൊക്കെ വെളിപ്പെടുത്തും എന്നതാണ് ലീഗിന്‍റെ ഭയം. ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഹൈദരലി തങ്ങള്‍ നിയോഗിച്ച മുഈന്റെ കൈയില്‍ ശക്തമായ തെളിവുകളുണ്ടെന്ന ഭീതി നേതൃത്വത്തെ അലട്ടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ അദ്ദേഹം ഇ ഡിക്ക് നല്‍കുന്ന വിവരങ്ങള്‍ ലീഗ് രാഷ്ട്രീയത്തില്‍ത്തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. നാല്‍പ്പത് വര്‍ഷമായി സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈന്‍ അലി വെളിപ്പെടുത്തിയിരുന്നു. ഹൈദരലി തങ്ങളെപ്പോലും കേസിലേക്ക് വലിച്ചി‍ഴക്കപ്പെട്ടതിനും കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ് എന്നും മു ഈന്‍ അലി പരസ്യമായി പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് മു ഈനെതിരെ നടപടിയെടുപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മു ഈന്‍ അലിക്കായി പാണക്കാട് കുടുംബം ശക്തമായി രംഗത്തെത്തിയതായിരുന്നു കാരണം. തുടര്‍ന്ന് പരസ്യപ്രതികരണത്തില്‍ നിന്ന് പിന്മാറിയെങ്കിലും മുഈന്‍, ലീഗ് നേതൃത്വവുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടില്ലെന്നാണ് വിവരം.

ഈ സാഹചര്യത്തില്‍ മു ഇന്‍ അലി ഇ ഡിക്ക് നല്‍കുന്ന മൊ‍ഴി കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ദിവസം മൂന്നര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ച കുഞ്ഞാലിക്കുട്ടിയെ വീണ്ടും വിളിച്ചു വരുത്തിയേക്കും എന്നാണ് സൂചന. അതേ സമയം കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനെ ചോദ്യം ചെയ്യാനായി ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആഷിഖ് ഒഴിഞ്ഞു മാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here