നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ വരുമാനത്തിൽ വൻ ഇടിവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിൻ്റെ വരുമാനത്തിൽ വൻ ഇടിവ്. പരിപാടി തുടങ്ങിയ ആദ്യ വർഷത്തേക്കാൾ താഴെയാണ് നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന വരുമാനം. കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ പാർലമെൻ്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസ്വീകാര്യത കുറയുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര സർക്കാർ നൽകിയ മറുപടി. എൻസിപി എംപി ഫൗസിയ ഖാൻ ഉന്നയിച്ച ചോദ്യത്തിന് ആണ് രാജ്യസഭയിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ മറുപടി നൽകിയത്.

2014-15 വർഷത്തിൽ മൻ കീ ബാത്ത് ആരംഭിക്കുമ്പോൾ 1.16 കോടി രൂപയാണ് പരിപാടിയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം. 2015-16 വർഷം 2.81 കോടിയും, 2016-17 വർഷം 5.14 കോടിയും വരുമാനമായി ലഭിച്ചു. 2017-18 വർഷം ലഭിച്ച 10.64 കോടി രൂപയാണ് പദ്ധതിക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന വരുമാനം. തെരഞ്ഞെടുപ്പ് നടന്ന 2019 മുതൽ വൻ ഇടിവാണ് മൻ കീ ബാത്തിൻെറ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം, 2018-19 വർഷം 7.47 കോടി രൂപയായി പരിപാടിയുടെ വരുമാനം കുറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ഇതിൻ്റെ പകുതി പോലും ഇല്ല വരുമാനം. 2.56 കോടി രൂപയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ നേടാനായത് 1.02 കോടി രൂപ മാത്രമാണ്. പരിപാടി തുടങ്ങിയ 2014-15 വർഷത്തിൽ ഇതിലേറെ വരുമാനം മൻ കീ ബാത്ത് വഴി ലഭിച്ചിരുന്നു. പരിപാടിയിൽ നിന്ന് ഇതുവരെ ആകെ ലഭിച്ചത് 30.8 കോടി രൂപയാണ്. രാജ്യത്തെ 34 ദൂരദർശൻ ചാനലുകളും 91 സ്വകാര്യ ചാനലുകളും ഈ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. ആൾ ഇന്ത്യാ റേഡിയോ മൻ കീ ബാത്ത് ഇല്ലാത്ത ഞായറാഴ്ചകളിൽ ഇതിനെ ആസ്പദമാക്കി പ്രത്യേക പരിപാടിയും നടത്തി. രണ്ടാം വട്ടം ഭരണം ലഭിച്ചു എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസ്വീകാര്യത കുറഞ്ഞതാണ് മൻ കീ ബാത്തിൻ്റെ വരുമാന നഷ്ടത്തിന് മുഖ്യ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here