മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഗവേഷണം വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവേഷണത്തിനായി മെഡിക്കൽ കോളേജുകളിലെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കും.

ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ഗവേഷണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

ഇതുകൂടാതെ അടുത്ത 5 വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജുകളെ റാങ്കിംഗിൽ മുൻനിരയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കൽ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നിൽ തന്നെയാണ്. മികച്ച ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം തന്നെ ആശുപത്രികളുടെ വികസനവും മുന്നോട്ട് കൊണ്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ ഉൾപ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കും.

സംസ്ഥാനത്തെ ആശുപത്രികൾ മാതൃശിശു സൗഹൃദമാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്നതിന്റെ പ്രസക്തി ഏറെയാണ്. പക്ഷെ ഇക്കാര്യത്തിൽ പലരും പിന്നോട്ട് പോകുന്ന അവസ്ഥയാണുള്ളത്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണമാണ് ആവശ്യം.

കുട്ടികൾക്ക് മുലപ്പാൽ ഉറപ്പാക്കുന്നതിനായാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ 38.62 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കോംബ്രഹെൻസീവ് ലാക്‌റ്റേഷൻ മാനേജ്‌മെന്റ് സെന്റർ സജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബിഎസ്എൽ ലെവൽ 3 ലാബ് ഒരു വർഷത്തിനകം സജ്ജമാക്കും. പെരിഫെറൽ ആശുപത്രികളെ മെച്ചപ്പെടുത്തുന്നതാണ്.

ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിനിടയ്ക്ക് ഉണ്ടായ കൊവിഡ്, സിക വൈറസ്, നിപ വൈറസ് തുടങ്ങിയ വലിയ വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിനായി. ശക്തമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് സിക വൈറസ് രോഗം നിയന്ത്രണവിധേയമാക്കി. ഇപ്പോൾ വലുതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 74 സിക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല.

നിപ വൈറസിനെതിരായ പ്രതിരോധത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. ഒരു ദിവസത്തിനകം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലാബ് സജ്ജമാക്കാനായി. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. 75,000 പേരെ ഹൗസ് ടു ഹൗസ് സർവേയിലൂടെ നിരീക്ഷിക്കുകയും പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ 65 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മോഡുലാർ ഓപ്പറേഷൻ തീയറ്റർ, എറണാകുളം മെഡിക്കൽ കോളേജിൽ 9 കോടി രൂപയുടെ വിവിധ പദ്ധതികൾ, ഇടുക്കി മെഡിക്കൽ കോളേജിലെ ഓക്‌സിജൻ പൈപ്പ് ലൈൻ സിസ്റ്റം, നവീകരിച്ച ആർ.ടി.പി.സി.ആർ ലാബ്, തൃശൂർ മെഡിക്കൽ കോളേജിൽ ഒക്‌സിജൻ പ്ലാന്റ്, പുതിയ കെട്ടിടം, സ്റ്റീരിയോടാക്റ്റിക് ന്യൂറോ സർജറി ഫ്രെയിം, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ കോംബ്രഹെൻസീവ് ലാക്‌റ്റേഷൻ മാനേജ്‌മെന്റ് സെന്റർ എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടന്നത്.

അതത് സ്ഥലങ്ങളിലെ മന്ത്രിമാർ, എം.പി.മാർ., എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News