സൗരോര്‍ജ്ജ പദ്ധതികള്‍ പരമാവധി ഉപയോഗിക്കണം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

കുടുംബ ബജറ്റിന് വലിയ ആശ്വാസമാണ് പുരപ്പുറ സൗരോർജ്ജ നിലയങ്ങളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. പട്ടാമ്പിയിൽ മിനി വൈദ്യുതി ഭവനത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് മാത്രമല്ല, വൈദ്യുത വാഹന ഉപയോഗത്തിലൂടെ ഇന്ധന ചെലവ് കുറയ്ക്കാനുമാകും. പാചകവും വൈദ്യുതിയിലാക്കിയാൽ പാചക വാതക വിലയും ലാഭിക്കാം. 3 KW വരെ 40 % സബ്സിഡിയും അതിന് പുറമേ കെ എസ് ഇ ബിയുടെ മുതൽ മുടക്കോടെയുമാണ് പുരപ്പുറ സോളാർ പദ്ധതിയുടെ കേരള മോഡൽ നടപ്പാക്കുന്നത്.

കർഷകർക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി എം കുസും പദ്ധതി നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ നമ്മുടെ കർഷകർക്ക് കൃഷിയിടങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതികൊണ്ട് അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുക മാത്രമല്ല, അവരുടെ ഉപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകിക്കൊണ്ട് അധിക വരുമാനം നേടുകയും ചെയ്യാം. ഇത്തരം പദ്ധതികൾ ജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡിന്റെ ഉത്തരമേഖലാ വിതരണ ശൃംഖലയിൽ ഉൾപ്പെടുന്ന ഷൊർണ്ണൂർ ഇലക്ടിക്കൽ സർക്കിളിന്‌ കീഴിൽ വരുന്ന പട്ടാമ്പി ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ പട്ടാമ്പി, തൃത്താല എന്നീ 2 ഇലക്ടിക്കൽ സബ്‌ ഡിവിഷനാഫീസുകളും തൃത്താല, കുമ്പിടി, കൂട്ടുപാത, പടിഞ്ഞാറങ്ങാടി, പെരിങ്ങോട്‌, ചാലിശ്ശേരി, പട്ടാമ്പി, കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, മുതുതല, വല്ലപ്പുഴ, ഓങ്ങല്ലൂർ എന്നീ 13 ഇലക്ട്രിക്കൽ സെക്ഷനാഫീസുകളും പ്രവർത്തിച്ചു വരുന്നു. 2 ലക്ഷത്തോളം വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക്‌ “സേവനം വാതിൽപ്പടിയിൽ ” ഉൾപ്പടെയുള്ള മെച്ചപ്പെട്ട സേവനം നൽകുന്നതിന്‌ ഈ ഓഫീസുകൾ മികച്ച പ്രവർത്തനം കാഴ്ചവച്ചുവരുന്നു.

പട്ടാമ്പി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസും പട്ടാമ്പി ഇലക്ട്രിക്കൽ സബ്‌ ഡിവിഷൻ ഓഫീസും പട്ടാമ്പി സെക്ഷനാഫീസും ഇപ്പോൾ വിവിധ വാടക കെട്ടിടങ്ങളിൽ പരിമിതമായ സൗകര്യങ്ങളിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. പട്ടാമ്പി മരുതൂരിലുള്ള 33 കെ.വി. സബ്സ്റ്റേഷനു സമീപത്ത്‌ സ്വന്തമായ ഒരു കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഈ മൂന്ന്‌ ഓഫീസുകളും ഒരൊറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യപ്രദമാവുകയും ചെയ്യും.

ഏകദേശം 1 കോടി മുതൽ മുടക്കിൽ 5200 ചതുരശ്ര അടിയിൽ രണ്ടു നിലയുള്ള ഒരു മിനി വൈദ്യുതി ഭവനത്തിന്റെ നിർമ്മാണത്തിനാണ് ഇവിടെ തുടക്കമിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News